പാവപ്പെട്ട കുടുംബങ്ങളുടെ ആടുകളെ മോഷ്ടിക്കാനിറങ്ങുന്നത് പട്ടാപ്പകൽ, ഒടുവിൽ സി.സി.ടി.വിയിൽ കുടുങ്ങി; നാലംഗ സംഘം പോലീസിന്റെ പിടിയില്‍
text_fieldsമാനന്തവാടി: ജീവിതമാർഗം കണ്ടെത്തുന്നതിനായി വായ്പ വാങ്ങിയും മറ്റും ആടുകളെ വാങ്ങി പോറ്റുന്ന സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളുടെ ആടുകളെ മോഷ്ടിച്ച നാലംഗ സംഘം പിടിയിൽ. തവിഞ്ഞാൽ പഞ്ചായത്തിലെ പേര്യ, വട്ടോളി, മുള്ളൽ പ്രദേശങ്ങളിൽനിന്ന് നല്ലയിനം ആടുകളെ പലതവണയായി മോഷ്ടിച്ച സംഘമാണ് തലപ്പുഴ പൊലീസിന്റെ പിടിയിലായത്. പകല്‍ സമയങ്ങളിലാണ് ഇവരുടെ ആടുമോഷണം. കൊട്ടിയൂർ അടക്കാത്തോട് സ്വദേശികളായ പുതുപറമ്പിൽ സക്കീർ (35), ആലിമേലിൽ ജാഫർ സാദിഖ് (23), മരുതകത്ത് ബേബി (60), ഉമ്മറത്ത് പുരയിൽ ഇബ്രാഹിം (54) എന്നിവരെയാണ് ഇൻസ്പെക്ടർ എസ്. അരുൺ ഷായും സംഘവും അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് മുതലാണ് സംഘം ആടുകളെ മോഷ്ടിക്കാൻ തുടങ്ങിയത്. ആലാറ്റില്‍ സ്വദേശിയുടെ പറമ്പില്‍ കെട്ടിയിരുന്ന രണ്ട് ആടുകളെ 2023 ഡിസംബര്‍ അഞ്ചിനാണ് സക്കീറും ഇബ്രാഹിം ചേര്‍ന്ന് മോഷ്ടിച്ചത്. ഫെബ്രുവരി ഒന്നിനാണ് മുള്ളല് സ്വദേശിയുടെ വീട്ടിലെ ആട്ടിന്‍കൂട്ടില്‍ കെട്ടിയിരുന്ന 45000 രൂപ വില വരുന്ന രണ്ട് വലിയ ആടുകളെ സക്കീറും ജാഫറും ബേബിയും ചേര്‍ന്ന് മോഷ്ടിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയുന്നതും പിടികൂടുന്നതും.
പരാതിയെ തുടർന്ന് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് മോഷണത്തിനുപയോഗിച്ച വാഹനങ്ങൾ തിരിച്ചറിഞ്ഞു. ഇക്കാര്യത്തെപ്പറ്റി സൂചന ലഭിച്ച പ്രതികൾ ഇടനിലക്കാരെ വെച്ച് ഒത്തുതീർപ്പിന് ശ്രമം ആരംഭിച്ചു. എന്നാൽ, പൊലീസ് തന്ത്രപൂർവം വിളിച്ചുവരുത്തി പ്രതികളെ വലയിലാക്കുകയായിരുന്നു.
മോഷണത്തിനുപയോഗിച്ച ഓട്ടോറിക്ഷയും ഗുഡ്സ് വാഹനവും കസ്റ്റഡിയിലെടുത്തു. എസ്.ഐ വിമൽ ചന്ദ്രൻ, എസ്.സി.പി.ഒമാരായ എ.ആർ. സനിൽ, വി.കെ. രഞ്ജിത്ത്, സി.പി.ഒ അൽത്താഫ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.