സ്വർണ നിക്ഷേപ തട്ടിപ്പ്; പ്രതികൾ ഒളിവിലെന്ന് സൂചന
text_fieldsമാനന്തവാടി: വ്യാജ ജ്വല്ലറിയുടെ പേരിൽ നൂറുകണക്കിന് ഉപഭോക്താക്കളിൽ നിന്നും സ്വർണ നിക്ഷേപതട്ടിപ്പ് നടത്തിയ സംഭവത്തിൽ വിവരം പുറത്തുവന്നതോടെ പ്രതികൾ ഒളിവിൽ പോയതായി സൂചന. തൊണ്ടർനാട് കാഞ്ഞിരങ്ങാട് സ്വദേശികളായ സഹോദരങ്ങളായ അഞ്ചുപേരും അയൽവാസിയുമാണ് ഒളിവിൽ പോയതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിൽ നിന്ന് വ്യക്തമായത്.
നിക്ഷേപ തട്ടിപ്പിൽ ഇടനിലക്കാരനായിരുന്ന വാളാട് സ്വദേശി ഓട്ടോ ഡ്രൈവർ മാനന്തവാടി ഡിവൈ.എസ്.പിക്ക് പരാതി നൽകിയതോടെയാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. ഇയാളുടെ പരാതിയിൽ ഇരുനൂറോളം പേരുടെ രണ്ടായിരത്തോളം പവൻ നഷ്ടപ്പെട്ടതായാണ് വ്യക്തമാക്കിയിരിക്കുന്നത്.
തമിഴ്നാട്, കർണാടക, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിനിരയായതിൽ ഏറെ പേരും. മാർക്കറ്റ് വിലയെക്കാളും 5000 രൂപ കുറച്ചാണ് ഇവർ സ്വർണം വാങ്ങിയിരുന്നത്.
ഒരു വർഷ കാലാവധിയിൽ മാർക്കറ്റ് വിലയും ലാഭവിഹിതവും നൽകുമെന്നായിരുന്നു വാഗ്ധാനം. കാലാവധി കഴിഞ്ഞിട്ടും സ്വർണം ലഭിക്കാതായതോടെയാണ് ഇടനിലക്കാരൻ പരാതിയുമായി രംഗത്തുവന്നത്. മാനഹാനി ഭയന്ന് ഇരകളായവർ പൊലീസിൽ പരാതി നൽകാൻ തയാറായിട്ടില്ല.
ഈ സാഹചര്യം മുതലെടുത്താണ് പൊലീസ് ഇടനിലക്കാരന്റെ പരാതിയിൽ കേസെടുക്കാതെ ഇരകളായിട്ടുള്ളവരുടെ പരാതി ലഭിച്ചാലേ എഫ്.ഐ.ആർ ഇടുകയുള്ളൂവെന്ന വിചത്രനിലപാട് സ്വീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.