പണിതീർന്നില്ല; അതിന് മുമ്പേ സബ് രജിസ്ട്രാർ ഓഫിസിന്റെ ഉദ്ഘാടന മാമാങ്കം
text_fieldsമാനന്തവാടി: രണ്ട് വർഷമായി നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കും മുമ്പേ സർക്കാർ ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടന മാമാങ്കം. മാനന്തവാടി സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടമാണ് ബുധനാഴ്ച രാവിലെ 11ന് മന്ത്രി വി.എൻ. വാസവൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുന്നത്. കിഫ്ബി ഫണ്ടിൽനിന്ന് 1.20 കോടി രൂപ ചെലവിൽ 2020ൽ ആണ് നിർമാണം ആരംഭിച്ചത്.
കെട്ടിട നിർമാണം പൂർത്തിയാക്കി വയറിങ് നടത്തിയെങ്കിലും വൈദ്യുതി ലഭിച്ചിട്ടില്ല. ഓൺലൈൻ സംവിധാനത്തിനുള്ള സെർവർ സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. ഓഫിസ് പ്രവർത്തനങ്ങൾക്കാവശ്യമായ ഫർണിച്ചർ സൗകര്യങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടുമില്ല. റെക്കോഡ് റൂമിൽ രേഖകൾ സൂക്ഷിക്കാനുള്ള സംവിധാനങ്ങളുമായിട്ടില്ല.
ഉദ്ഘാടനം കഴിഞ്ഞാലും നിലവിലുള്ള ഓഫിസിന്റെ പ്രവർത്തനം അടുത്തൊന്നും മാറില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ജില്ല ആശുപത്രിക്കുന്നിൽ ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച കെട്ടിടത്തിലാണ് വർഷങ്ങളായി ഓഫിസ് പ്രവർത്തിക്കുന്നത്. ദിനംപ്രതി അമ്പതിലധികം ഭൂരജിസ്ട്രേഷൻ ഈ ഓഫിസിൽ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.