മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും തുള്ളി വെള്ളം ഒഴുകാത്ത ജലസേചന പദ്ധതി
text_fieldsമാനന്തവാടി: പ്രവൃത്തികൾ പൂർത്തീകരിച്ച് മൂന്ന് പതിറ്റാണ്ടും ഒരു വർഷവും പിന്നിട്ടിട്ടും തുള്ളി വെള്ളം പമ്പ് ചെയ്യാനാകാതെ ഒരു ജലസേചന പദ്ധതി. കോടികൾ ചെലവഴിച്ച് കമ്പനി നദീതീരത്ത് പാണ്ടിക്കടവ് ചാമാടി പൊയിലിൽ ആരംഭിച്ച പായോട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയാണ് നോക്കു കുത്തിയായത്.
എടവക പഞ്ചായത്തിലെ 300 ഏക്കർ വയലിൽ കൃഷിക്കായി വെള്ളം എത്തിക്കുന്നതിനായാണ് 1991 ൽ പമ്പ് ഹൗസ് നിർമിച്ചത്. പദ്ധതിക്കായി കനാലുകൾ, വൈദ്യുതിക്കായി പ്രത്യേക ട്രാൻസ്ഫോർമർ, പൈപ്പുകൾ, മോട്ടോറുകൾ എന്നിവ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ജലസേചന വിതരണം ആരംഭിച്ചിട്ടില്ല.
പമ്പ് ഹൗസിന്റെ ചില്ലുകൾ ഉൾപ്പെടെ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു കഴിഞ്ഞു. ട്രാൻസ്ഫോർമർ കാട് മൂടിയ നിലയിലാണ്. മോട്ടോർ ഇതുവരെ പ്രവർത്തിപ്പിച്ചില്ലെങ്കിലും രണ്ട് തവണ പുതിയ മോട്ടോർ മാറ്റി സ്ഥാപിച്ചുവെന്നാണ് പറയപ്പെടുന്നത്. പൈപ്പുകൾ തുരുമ്പെടുത്ത് നശിച്ചതിനെത്തുടർന്ന് പുതിയ പൈപ്പുകളും സ്ഥാപിച്ചു. ഇതെല്ലാമുണ്ടെങ്കിലും ഇതുവരെയായി പമ്പ് ഹൗസിൽ നിന്നും വെള്ളം പമ്പ് ചെയ്തിട്ടില്ല.
പദ്ധതി ആരംഭിച്ചില്ലെങ്കിലും വർഷാവർഷം വീണ്ടും ലക്ഷങ്ങൾ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിക്കുന്ന പദ്ധതി ഉപേക്ഷിക്കുകയാണ് വേണ്ടതെന്നാണ് കർഷകരുടെ ആവശ്യം. പദ്ധതി ആരംഭിക്കുമ്പോഴുണ്ടായിരുന്ന നെൽവയലിന്റെ വിസ്തൃതി 70 ശതമാനത്തോളം കുറഞ്ഞു. പലയിടങ്ങളിലും കനാലുകൾ നിർമിച്ചിരിക്കുന്നത് സ്വകാര്യ വ്യക്തികളുടെ സ്ഥലത്തിന് സംരക്ഷണ ഭിത്തി എന്ന നിലയിലാണെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.