ആഭരണ കവർച്ച; നിരവധി കേസുകളിലെ തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍
text_fieldsമാനന്തവാടി: ആശുപത്രികളും ഉത്സവപ്പറമ്പുകളും കേന്ദ്രീകരിച്ച് സ്ത്രീകളുടെ ആഭരണങ്ങൾ കവർച്ച നടത്തുന്ന തമിഴ്നാട് സ്വദേശികളായ മൂന്നു പേരെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈ, ചെങ്കല്‍പേട്ട സ്വദേശിനികളായ കൂടാച്ചേരി ഇന്ദു എന്ന കാവ്യ (37), ഡോര്‍ നമ്പര്‍ 13ൽ ജാന്‍സി എന്ന സരസ്വതി (30), ഡോര്‍ നമ്പര്‍ 13ൽ ദേവി എന്ന സുധ (39) എന്നിവരാണ് അറസ്റ്റിലായത്.
കുറ്റിമൂല സ്വദേശിയായ പരാതിക്കാരിയോടൊപ്പം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവേ ഒന്നര പവന്റെ മാല കവർന്ന കേസിലാണ് അറസ്റ്റ്. വിവിധ പേരുകളിൽ അറിയപ്പെടുന്ന പ്രതികൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
ആശുപത്രികളിലും ഉത്സവപ്പറമ്പുകളിലും മറ്റും വരുന്ന ഒറ്റപ്പെട്ട സ്ത്രീകളെ പരിചയപ്പെട്ട് അടുത്തിടപഴകിയ ശേഷം വീട്ടിൽ കൊണ്ടുവിടാമെന്ന വ്യാജേന ഓട്ടോറിക്ഷയിൽ കയറ്റി യാത്രാമധ്യേ തന്ത്രപൂർവം കവർച്ച നടത്തുകയാണ് പതിവ്. കൂടാതെ ആൾക്കൂട്ടത്തിനിടയിലും ബസുകളിലും മറ്റും വെച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ കവരുന്നതും മോഷണവും ഇവരടങ്ങുന്ന സംഘത്തിന്റെ രീതിയാണ്. സംഘത്തിൽ വേറെയും ആളുകളുണ്ട്. ഉത്സവ- പെരുന്നാൾ സീസണുകളിലാണ് സംഘം സജീവമാകുന്നത്.
അതുകൊണ്ടുതന്നെ നാട്ടുകാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അപരിചിതരായ ഇത്തരക്കാരെ സംശയാസ്പദമായ രീതിയിൽ കണ്ടാൽ അടുത്തുള്ള സ്റ്റേഷനിൽ വിവരമറിയിക്കണമെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
മാനന്തവാടി ഡിവൈ.എസ്.പി പി.എല്‍. ഷൈജുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ടി.കെ. മിനിമോള്‍, സോബിന്‍, എ.എസ്.ഐ അഷ്റഫ്, എസ്.സി.പി.ഒമാരായ ബഷീര്‍, റാംസണ്, വിപിന്‍, ജാസിം ഫൈസല്‍, സെബാസ്റ്റ്യൻ , ഷൈല, നൗഷാദ്, സി.പി.ഒമാരായ കൃഷ്ണപ്രസാദ്, ദീപു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.