വയനാട് ജില്ലയില്‍ കെ-ഫോണ്‍ പദ്ധതി വേഗത്തിലാക്കുന്നു
text_fieldsമാനന്തവാടി: ജില്ലയില്‍ കെ-ഫോണ്‍ പദ്ധതിയുടെ ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഒ.ആർ. കേളു എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നിലവില്‍ 55 കി.മീറ്റര്‍ ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഈ വർഷം ജൂണിൽ ജില്ലയിലെ 724 സര്‍ക്കാര്‍ ഓഫിസുകളില്‍ കെ-ഫോണിന്റെ സേവനം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഇന്റര്‍നെറ്റ് കണക്ഷന് നല്‍കുക. കെ.എസ്.ഇ.ബി തൂണുകളിലൂടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിച്ചാണ് ഇന്റര്‍നെറ്റ് ലഭ്യമാക്കുക. ആദ്യ ഘട്ടത്തിൽ 410 കി.മീറ്റർ ദൂരത്തിലാണ് കേബിളിടുന്നത്.
ഇതില്‍ 390 കി.മീറ്റർ പ്രവൃത്തി പൂര്‍ത്തീകരിച്ചു. കെ-ഫോണ്‍ പദ്ധതിയുടെ ഏക ഓപറേറ്റിങ് സെന്റര്‍ എറണാകുളത്താണ് സ്ഥിതി ചെയ്യുന്നത്. നെറ്റ് വര്‍ക്ക് ഓപറേറ്റിങ് സെന്ററിന്റെ മുഴുവന്‍ പണിയും പൂര്‍ത്തിയായി. കല്പറ്റ, മീനങ്ങാടി, കൂട്ടമുണ്ട, കണിയാമ്പറ്റ, അമ്പലവയല്‍ തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലാണ് തുടക്കത്തില്‍ കണക്ഷന് നല്‍കുക. രണ്ടാംഘട്ടത്തില്‍ സുൽത്താൻ ബത്തേരി, പടിഞ്ഞാറത്തറ, പുല്പള്ളി, മാനന്തവാടി, പനമരം തുടങ്ങിയ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാകും. രണ്ടാംഫേസില് 700 കി.മീറ്ററിലാണ് ലൈന്‍ വലിക്കാനുള്ളത്.
അതില്‍ 300 കി.മീറ്റർ പ്രവൃത്തി പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്കും കണക്ഷൻ സൗജന്യമാണ്. മറ്റുള്ളവരില്‍നിന്ന് മിതമായ നിരക്ക് ഈടാക്കും. ഇന്റര്‍നെറ്റ് പൗരന്റെ മൗലികാവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമെല്ലാം ഗുണനിലവാരമുള്ള അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി വ്യാപിപ്പിക്കും -മന്ത്രി
മാനന്തവാടി: സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കി വരുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി ആവശ്യമായ സാഹചര്യത്തില്‍ ജില്ലയില്‍ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിയമസഭയില്‍ പറഞ്ഞു.
ഒ.ആര്. കേളു എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. വയനാട് ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ നെഫ്രോളജിസ്റ്റ് ഇല്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ മാനന്തവാടി മെഡിക്കൽ കോളജിലാണ് പദ്ധതി നടപ്പാക്കുന്നത്.
രോഗികള്‍ക്ക് ആവശ്യമായ പെരിറ്റോണിയല്‍ ഡയാലിസിസ് ഫ്ലൂയിഡ്, എഫ്ലുവന്റ് ബാഗ്, ഡയാലിസിസ് കിറ്റ്, മിനി ക്യാപ്പുകള്‍ എന്നിവ ആരോഗ്യ വകുപ്പ് സൗജന്യമായി എത്തിച്ചുനല്‍കും. നിലവില്‍ പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതിയില്‍ ജില്ലയില്‍ 18 രോഗികളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.