‘കെ സ്റ്റോര്‍’ മാനന്തവാടിയിലും
text_fieldsമാനന്തവാടി: മിനി ബാങ്കിങ്, അക്ഷയ കേന്ദ്രം, മാവേലി സ്റ്റോര്‍, മിനി ഗ്യാസ് ഏജന്‍സി, മില്‍മ ബൂത്ത് ഇവയെല്ലാം ഒരു കുടക്കീഴില് ലഭിക്കുന്ന ‘കെ സ്റ്റോര്‍’ ഇനി മാനന്തവാടിയിലും.
റേഷന്‍ കടകളുടെ സ്മാര്‍ട്ട് രൂപമാണ് കെ സ്റ്റോര്‍. റേഷന്‍ കടകള്‍ വൈവിധ്യവത്കരിച്ച് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് കെ സ്റ്റോര്‍. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ യവനാര്‍കുളത്ത് പ്രവര്‍ത്തിക്കുന്ന 75-ാം നമ്പര്‍ റേഷന്‍ കടയാണ് കെ സ്റ്റോറായി മാറിയത്.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന പതിനായിരത്തില്പരം റേഷന്‍കടകളില്‍ നിന്നും തെരഞ്ഞെടുത്ത 108 റേഷന്‍കടകളാണ് ആദ്യഘട്ടത്തില്‍ കെ സ്റ്റോറുകളായി മാറുന്നത്.
ആധാര്‍ ബന്ധിത റേഷന്‍കാര്‍ഡ് സംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ക്ക് പുറമേ സപ്ലൈകോയുടെ ശബരി ബ്രാന്റ് ഉൽപന്നങ്ങള്, മില്‍മ ഉൽപന്നങ്ങള്, അഞ്ച് കിലോ തൂക്കമുള്ള ഛോട്ടു പാചകവാതക സിലിണ്ടറുകള്‍, വൈദ്യുത ബില്‍-ടെലഫോണ്‍ ബില്‍ എന്നിവയുടെ അടവ്, പഞ്ചായത്ത്, വില്ലേജ് ഓഫിസുകള്‍ മുഖേന ലഭ്യമാകുന്ന സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ സർവിസുകള്‍ ജനങ്ങളിലെത്തിക്കുന്ന സംവിധാനമാണ് ‘കെ സ്റ്റോര്‍’ എന്ന ‘കേരള സ്റ്റോര്‍’. റേഷന്‍ കടകള്‍ വിപുലപ്പെടുത്തിയും നവീകരിച്ചുമാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.
മാനന്തവാടി താലൂക്കിലെ ആദ്യ കെ സ്റ്റോര്‍ ഒ.ആര്. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോസഫ് മറ്റത്തിലാനി, മനോഷ് ലാല്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ ആര്. മഞ്ജു, റേഷനിങ് ഇന്‍സ്പെക്ടര്‍ എസ്. ജാഫര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.