കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം: സംഘടന വിരോധമെന്ന് പ്രതിഭാഗം
text_fieldsമാനന്തവാടി: കണ്ടത്തുവയലില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസിെൻറ വിചാരണ വേഗത്തിലാക്കി. വെട്ടിക്കൊലപ്പെടുത്തിയതിന് കാരണം സംഘടനാ വിരോധമാണെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
കൊല്ലപ്പെട്ട ദമ്പതികളുടെ വീട്ടില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി പലരും വന്ന് താമസിച്ച് മതപഠനം നടത്തുന്നതായുള്ള പരാതി ഒരു വിഭാഗം വെള്ളമുണ്ട പൊലീസിന് നല്‍കിയിരുന്നു. ഇതിെൻറ ഭാഗമായാണ് കൊലപാതകം. ഇതുസംബന്ധിച്ച രേഖ പ്രതിഭാഗം വക്കീല്‍ കോടതിയില്‍ തെളിവായി ഹാജരാക്കുകയും കോടതി സ്വീകരിക്കുകയും ചെയ്തു.
കൊലപാതകം നടന്നിട്ടും പ്രതികളെ കണ്ടെത്താനാവാത്തതില്‍ ജനങ്ങളുടെ രോഷവും മറ്റു ബാഹ്യ ഇടപെടലുകളും ഉണ്ടായപ്പോഴാണ് നിരപരാധിയായ പ്രതിയെ പൊലീസ് മുഖം രക്ഷിക്കാന്‍ പ്രതിയാക്കിയതെന്നാണ് പ്രതിഭാഗം വക്കീല്‍ അഡ്വ. ഷൈജു മാണിശ്ശേരി കോടതിയില്‍ വാദിച്ചത്.
കണ്ടത്തുവയല്‍ ഉമ്മര്‍ -ഫാത്തിമ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ കല്പറ്റ സെഷന്‍സ് കോടതി പ്രിന്‍സിപ്പല്‍ ജഡ്ജി എ. ഹാരിസ് മുമ്പാകെ വിചാരണ ധ്രുതഗതിയിലാണ് നടക്കുന്നത്. 50ഓളം സാക്ഷികളില്‍ 20ലധികം പേരെ സാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയാണ് ഇതുവരെ വിചാരണ നടത്തിയത്.
ബാക്കി സാക്ഷികളെ വരുന്ന എല്ലാ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലുമായി വിചാരണ നടത്താനും കോടതി ഉത്തരവായി. പ്രതി സഞ്ചരിച്ച ബസിലെ കണ്ടക്ടര്‍, ഡ്രൈവര്‍, കൊല്ലപ്പെട്ട ഉമര്‍, ഫാത്തിമ എന്നിവരെ പോസ്റ്റ്മോര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളജിലെ സര്ജന്മാര്, ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ള മറ്റ് അന്വേഷണ ഉദ്യോഗസ്ഥര്‍, ബി.എസ്.എന്‍.എല്‍, ഐഡിയ മൊബൈല്‍ കമ്പനി അധികൃതര്‍ തുടങ്ങിയവര്‍ക്കാണ് അടുത്ത ദിവസങ്ങളില്‍ വിചാരണക്ക് ഹാജരാവാനായി നോട്ടീസയച്ചിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജോസഫ് മാത്യുവാണ് ഹാജരാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.