കാപ്പ ചുമത്തി പൊലീസ് നാടുകടത്തി; തിരിച്ചെത്തി മോഷണം നടത്തിയ ആൾ പിടിയിൽ
text_fieldsമാനന്തവാടി: കാപ്പ ചുമത്തി പൊലീസ് നാടുകടത്തിയ ആൾ തിരിച്ചെത്തി മോഷണം നടത്തി ഒടുവിൽ പൊലീസ് പിടിയിലായി. മാനന്തവാടി അമ്പുകുത്തി കല്ലിയോട്ടുകുന്ന് ആലക്കൽ വീട്ടിൽ റഫീഖി (39) നെ ആണ് മാനന്തവാടി എസ്.ഐ കെ.കെ. സോബിൻ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പുലർച്ചെ കല്ലിയോട്ടുകുന്നിൽ മോഷണം നടത്തി മടങ്ങുന്നതിനിടെ നാട്ടുകാർ പിടികൂടി തടഞ്ഞുവെച്ച് പൊലീസിലേൽപ്പിക്കുകയായിരുന്നു. കല്ലിയോട്ടുകുന്നിലെ കടയിൽ നിന്ന് 460 രൂപയും സിഗരറ്റുമാണ് റഫീഖ് മോഷ്ടിച്ചത്.
2007ലെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം പ്രകാരം കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിലൂടെ ജില്ലയിൽ പ്രവേശിക്കരുതെന്ന് കാണിച്ച് കഴിഞ്ഞ ജൂണിൽ റഫീഖിനെ നാടുകടത്തിയിരുന്നു. ഇതുപ്രകാരം അടുത്ത വർഷം ജൂണിൽ മാത്രമേ റഫീഖ് ജില്ലയിലെത്താൻ പാടുള്ളൂ.
പിടികൂടിയ ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ 16 ന് വരടിമൂലയിലെ കടകളിൽ മോഷണം നടത്തിയതും റഫീഖ് ആണെന്ന് വ്യക്തമായി. നാടുകടത്തി ദിവസങ്ങൾക്കകമാണ് വരടിമൂലയിൽ മോഷണം നടത്തിയത്. 13000 രൂപയാണ് ഇവിടെ നിന്ന് കവർന്നത്.
മനേകുടിയിൽ ബേബിയുടെ ഉടമസ്ഥതയിലുള്ള അന്ന സ്റ്റോർ, വനിത മെസ്, റഷീദിന്റെ ഉടമസ്ഥതയിലുള്ള ബിസ്മി സ്റ്റോർ എന്നിവിടങ്ങളിലാണ് മോഷണം നടത്തിയത്. വനിത മെസിന്റെ ഗ്രില്ല് തുറന്ന് അകത്ത് കയറി കത്തികൾ കൈക്കലാക്കിയ ശേഷം സീലിങ് തകർത്താണ് ബിസ്മി സ്റ്റോറിൽ മോഷണം നടത്തിയത്. അന്ന സ്റ്റോറിന്റെ മേൽക്കൂരയിലെ ടിൻ ഷീറ്റുകളും തകർത്തിരുന്നു.
റഫീഖിന്റെ പേരിൽ കോട്ടയം മണർകാട്, കേണിച്ചിറ സ്റ്റേഷനുകളിലായി മൂന്നും കേസും എൻ.ഡി.പി.എസ് കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.