യാത്രാനിയന്ത്രണം ദീർഘിപ്പിച്ച് കർണാടക; വലഞ്ഞ് മലയാളി യാത്രക്കാർ
text_fieldsമാനന്തവാടി: കേരളത്തിലെ കോവിഡ് വ്യാപനത്തെ തുടർന്ന് കർണാടകയിൽ മലയാളികൾ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം നീട്ടി. ഇതോടെ നിത്യേന യാത്രചെയ്യുന്ന വ്യാപാരികളും വിദ്യാർഥികളും ഉൾപ്പെടെയുള്ള യാത്രക്കാരാണ് ഏറെ വലയുന്നത്.
രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കും ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ കേരള അതിർത്തിയിൽനിന്ന് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. ഈ നിബന്ധനയാണ് ഒക്ടോബർ 30 വരെ നീട്ടിയിരിക്കുന്നത്.കണ്ണൂരിൽനിന്ന് പുറപ്പെടുന്ന മാനന്തവാടി ബാവലി വഴിയുള്ള ഏക കെ.എസ്.ആർ.ടി.സി ബസിന് മാത്രമാണ് നേരിയ ഇളവ് നൽകിയത്.ബാവലി-മൈസൂർ, തോൽപ്പെട്ടി-കുട്ട കെ.എസ്.ആർ.ടി.സി സർവിസുകൾ എല്ലാം നിലച്ചിട്ട് മാസങ്ങളായി.
കേരളത്തിൽ രോഗികൾ കുറഞ്ഞിട്ടും കർണാടകയുടെ കടുംപിടിത്തത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. കോവിഡ് ഒതുങ്ങിയതോടെ ബംഗളൂരുവിലെ ചില കമ്പനികൾ വർക്ക് ഫ്രം ഹോം സമ്പ്രദായം അവസാനിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.നിലവിൽ നാട്ടിലായ ജീവനക്കാർ കർണാടകയിലേക്ക് കടക്കാൻ പാടുപെടുകയാണ്.ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിബന്ധന കാരണം കർണാടകയിൽ കൃഷിചെയ്യുന്ന മലയാളികളായ നൂറുകണക്കിന് കർഷകരും ദുരിതത്തിലാണ്.അധികൃതരുടെ കടുംപിടിത്തം കാരണം കൃഷിയിടങ്ങളിൽ പോയിവരാൻ ഇവർ പ്രയാസപ്പെടുകയാണ്.
അതിർത്തി ചെക്ക്പോസ്റ്റുകളിലെ ചില ഉദ്യോഗസ്ഥർ നിർബന്ധപൂർവം കൈക്കൂലി ആവശ്യപ്പെടുന്നതും ഇവരെ വലയ്ക്കുന്നു. അതേസമയം, നവംബർ ഒന്നുമുതൽ കേരളത്തിൽനിന്ന് വരുന്നവർക്ക് കർണാടക ആർ.ടി.പി.സി.ആർ നിബന്ധന ഒഴിവാക്കുമെന്ന സൂചനയുണ്ട്.തമിഴ്നാട് നീലഗിരി ജില്ലയിലേക്ക് കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ ഇ-പാസ് കഴിഞ്ഞദിവസം പിൻവലിച്ചിരുന്നു. നിലവിൽ രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കാൻ മറ്റു രേഖകൾ ആവശ്യമില്ല.രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.