കെ.സി.ബി.സി 100 വീടുകൾ നിർമിച്ചുനൽകും
text_fieldsമാനന്തവാടി: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കെ.സി.ബി.സി സമഗ്ര പുനരധിവാസ പദ്ധതികൾ പ്രഖ്യാപിച്ചു. പുനരധിവാസത്തിന് 100 വീടുകൾ നിർമിച്ച് നൽകും.
സർക്കാർ ലഭ്യമാക്കുന്ന സ്ഥലത്തോ, സഭ സംഭാവന ചെയ്യുന്ന സ്ഥലത്തോ വ്യക്തികൾ സ്വയം കണ്ടെത്തുന്ന സ്ഥലത്തോ ആണ് വീടുകൾ നിർമിക്കുക. മറ്റു ജില്ലകളിൽ വന്ന് താമസിക്കാൻ താൽപര്യപ്പെടുന്നവർക്ക് അതിന് സൗകര്യവും ചെയ്തുകൊടുക്കും. സർക്കാറിന്റെ അനുവാദം ലഭിക്കുന്ന മുറക്ക് നിർമാണം ആരംഭിക്കും. ദുരന്തത്തിൽ വീടും വരുമാന മാർഗവും നഷ്ടപ്പെട്ട വയനാട് ജില്ലയിലെ മുഴുവൻ കുടുംബങ്ങൾക്കും 9500 രൂപ വീതം അടിയന്തര സാമ്പത്തിക സഹായവും നൽകും.
പുനരധിവാസ പദ്ധതികളുടെ നടത്തിപ്പിന് പ്രദേശത്തെ രൂപതാ നേതൃത്വം ഉൾക്കൊള്ളുന്ന സമിതികൾ രൂപവത്കരിക്കും. കെ.സി.ബി.സി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്കാ ബാവ, സെക്രട്ടറി ജനറൽ ബിഷപ് അലക്സ് വടക്കുംതല, ജസ്റ്റിസ് ഫോർ പീസ് ആൻഡ് ഡെവലപ്മെന്റ് ചെയർമാൻ ബിഷപ് ജോസ് പുളിക്കൽ, ആർച്ച് ബിഷപ് ജോസഫ് പാംബ്ലാനി, ബിഷപ് ജോസ് പൊരുന്നേടം, ബിഷപ് റെമിഞ്ചിയോസ് ഇഞ്ചനാനി യിൽ, ബിഷപ് ജോസഫ് മാർ തോമസ്, ബിഷപ് വർഗീസ് ചക്കാലക്കൽ, ബിഷപ് ജോസഫ് പണ്ടാരശേരിൽ, ബിഷപ് അലക്സ് താരാമംഗലം, ബിഷപ് ജോർജ് ഞറളക്കാട്ട്, ബിഷപ് ജോർജ് വലിയമറ്റം, കേരള സോഷ്യൽ സർവിസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, കെ.സി.ബി.സി വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, കരിത്താസ് ഇന്ത്യ ഡയറക്ടർ ഫാ. ജോളി പുത്തൻപുര, സി.ആർ.എസ് ഇന്ത്യ ഡയറക്ടർ ഡോ. സെന്തിൽകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.