കിഡ്നി രോഗികൾക്ക് തണലേകുന്ന പ്രദീപന് ജീവിക്കാൻ ശില്പ നിർമാണം കൂട്ട്
text_fieldsമാനന്തവാടി: ഒരു വശത്ത് ഡയാലിസിസ് രോഗികൾക്കായി ജീവിതം ഉഴിഞ്ഞുവെക്കുമ്പോൾ മറുവശത്ത് ജീവിക്കാൻ ശില്പ നിർമാണത്തെ കൂട്ടുപിടിച്ചിരിക്കുകയാണ് ഒരു യുവാവ്. മൂന്നു പതിറ്റാണ്ടായി കരകൗശല നിർമാണ രംഗത്ത് സജീവമാണ് മാനന്തവാടി ഒണ്ടയങ്ങാടി താഴെവീട്ടിൽ ബി. പ്രദീപ്. ശ്രീദേവി ഹാൻഡി ക്രാഫ്റ്റ് എന്ന പേരിലാണ് കരകൗശല വിൽപന ശാല വർഷങ്ങൾക്ക് മുമ്പ് നടത്തിയിരുന്നത്
. കേരളത്തിലുടനീളം കരകൗശല പ്രദർശനങ്ങൾ നടത്തി ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ഇതിൽ നിന്നുള്ള വരുമാനമായിരുന്നു കുടുംബത്തിെൻറ ഏക ഉപജീവന മാർഗം. എന്നാൽ, കോവിഡ് മഹാമാരി ജീവിതവഴിയിൽ തിരിച്ചടിയായി.
കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ആരുംതന്നെ അലങ്കാര വസ്തുക്കൾക്കായി പ്രദീപിനെ സമീപിച്ചില്ല. ശിൽപങ്ങൾ നിർമിക്കാനായി എത്തിച്ച 60,000 രൂപയുടെ അസംസ്കൃത വസ്തുക്കൾ ചിതലെടുത്ത് നശിക്കുകയും ചെയ്തു. ശിൽപ നിർമാണത്തിനായി ഉണ്ടാക്കിയിരുന്ന ഷെഡ്ഡും പൂർണമായി തകർന്നു. ഡയാലിസിസ് രോഗിയായ ഭാര്യയുടെ ചികിത്സ ചെലവിനുപോലും പണം കണ്ടെത്താൻ കഴിയാതായത് പ്രദീപിനെയും കുടുംബത്തെയും മാനസികമായി തളർത്തി. ഈട്ടി തടിയിൽ തീർത്ത 'അവസാനത്തെ അത്താഴ'വും, പാരിജാതത്തിൽ വിരിഞ്ഞ 'അമ്മയും കുഞ്ഞു'മെല്ലാം പ്രദീപിെൻറ കരവിരുതിൽ ജീവൻ തുടിക്കുന്ന ശിൽപങ്ങളായി പ്രദർശന വിപണന മേളകളിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയവയായിരുന്നു.
300ഓളം കവിതകൾ രചിക്കുകയും, നാടകങ്ങൾ എഴുതുകയും ചെയ്ത പ്രദീപ് നാടൻപാട്ട് കലാകാരൻ കൂടിയാണ്. നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മാനന്തവാടിയിൽ 120 പേരടങ്ങുന്ന കിഡ്നി രോഗി പരിചരണ കൂട്ടായ്മയുടെ അഡ്മിൻ കൂടിയായ പ്രദീപ് ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ഇരുന്നാണ് സാമൂഹിക സേവനത്തിനിടയിലും ജീവിതമാർഗം കണ്ടെത്തുന്നത്. താലൂക്കിലെ നിരവധി ഡയാലിസിസ് രോഗികൾക്ക് താങ്ങും തണലുമാണ് ഈ കലാകാരൻ. ജീവിത സ്വപ്നങ്ങൾ യാഥാർഥ്യമാകുമെന്ന ശുഭപ്രതീക്ഷയിലാണ് പ്രദീപ് കവിതപൊഴിയും ശിൽപങ്ങൾ തീർക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.