കൊട്ടിയൂർ-പാൽചുരം റോഡ് നവീകരിക്കുന്നു
text_fieldsമാനന്തവാടി: വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ബോയ്സ് ടൗൺ-പാൽച്ചുരം-അമ്പായത്തോട് ചുരം പാത അറ്റകുറ്റപ്പണി തിങ്കളാഴ്ച ആരംഭിക്കുന്നതോടെ പ്രതീക്ഷയിൽ യാത്രക്കാർ. 85 ലക്ഷം രൂപ ചെലവിട്ട് നടത്തുന്ന അറ്റകുറ്റപ്പണികൾ പൂർത്തിയാവുന്നതോടെ യാത്രാദുരിതം ഇല്ലാതാവുമെന്ന പ്രതീക്ഷയിലാണ് ഇരു ജില്ലകളിലെയും യാത്രക്കാർ. തിങ്കളാഴ്ച മുതൽ മേയ് 31വരെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
റോഡ് തകർന്നതുമൂലം ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരുന്നു. ബോയ്സ് ടൗണിൽ നിന്നും ഇറങ്ങുന്ന സ്ഥിരം തകരുന്ന ഭാഗമായ 130 മീറ്റർ ദൂരം ഇന്റർലോക്ക് ചെയ്യും. ബാക്കി വരുന്ന ദൂരത്തിൽ കിഫ്ബിയിൽ നിന്നും അനുവദിച്ച 37 കോടി രൂപയുടെ പ്രവൃത്തികൾ നടത്തും.
കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ ഒന്നിന് ആരംഭിക്കാനിരിക്കെയാണ് തകൃതിയായി പ്രവൃത്തികൾ നടത്തുന്നത്. ക്വാറി സമരം മൂലമാണ് നിർമാണ പ്രവൃത്തികൾ വൈകിയത്. പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ പാൽച്ചുരം വഴിയുള്ള ഗതാഗതം പേര്യചുരം വഴിയായിരിക്കും.
നിലവിൽ തകർന്ന് ഗർത്തങ്ങളായ പാതയിൽ സാഹസിക യാത്ര നടത്തേണ്ട അവസ്ഥയാണ്. കാലവർഷത്തിൽ തകർന്നടിഞ്ഞപ്പോൾ പലതവണ അറ്റകുറ്റപ്രവൃത്തികൾ നടത്തിയെങ്കിലും വീണ്ടും റോഡ് തകർന്ന് ഗർത്തങ്ങളായി അപകടഭീഷണി ഇരട്ടിക്കുകയായിരുന്നു.
പാതയിലൂടെയുള്ള ഗതാഗതം നിരോധിച്ച് 69.10 ലക്ഷം രൂപക്ക് മാസങ്ങൾക്ക് മുമ്പാണ് അറ്റകുറ്റപ്പണി നടത്തിയത്. കിഫ്ബി ഫണ്ടുപയോഗിച്ചായിരുന്നു ആ നവീകരണം.
2018, 19 വർഷങ്ങളിലെ പ്രളയങ്ങളിലാണ് പാൽച്ചുരം റോഡ് പൂർണമായി തകർന്നടിഞ്ഞത്. തകർച്ച മൂലം നിരവധി അപകടങ്ങളാണ് പാതയിൽ നടക്കുന്നത്. ഏറെ ആശങ്കയോടെയാണ് ഡ്രൈവർമാർ പാൽച്ചുരത്തിലൂടെ വാഹനമോടിക്കുന്നത്.
മുമ്പ് വടകര ചുരം ഡിവിഷന് കീഴിലായിരുന്ന പാൽച്ചുരം നിലവിൽ കേരള റോഡ് ഫണ്ട് ബോർഡിന്റെ നിയന്ത്രണത്തിലാണ്. അറ്റകുറ്റപ്രവൃത്തി നടത്തിയ റോഡ് വീണ്ടും തകർന്നത് യാത്രാദുരിതം ഇരട്ടിപ്പിക്കുകയായിരുന്നു. അന്തർ സംസ്ഥാന പാതയുടെ ഭാഗമായ ചുരം പാതയോട് അധികൃതരുടെ അവഗണന തുടരുകയാണെന്നായിരുന്നു നാട്ടുകാരുടെ പരാതി.
തകർന്ന് ഗർത്തങ്ങളായതോടെ ദിനേന അപകടങ്ങളും പെരുകിയിരുന്നു. 15 ടണ്ണിലധികം ഭാരം കയറ്റിയ വാഹനങ്ങൾക്ക് പാതയിൽ നിരോധനമുണ്ടെങ്കിലും അതിലിരട്ടി ഭാരം വഹിക്കുന്ന ടോറസ് വാഹനങ്ങളുടെ നിര പാതയിലൂടെ നീങ്ങുന്നതും തകർച്ചക്ക് വേഗംകൂട്ടിയെന്ന ആരോപണം ഉയർന്നിരുന്നു.
നിലവിൽ ഗതാഗത നിയന്ത്രണം യാത്രക്കാരെ വലക്കുമെങ്കിലും അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.