കെ.എസ്.ആർ.ടി.സി ഭരണ പരിഷ്കാരം; മാനന്തവാടി ഡിപ്പോക്ക് തിരിച്ചടി
text_fieldsമാനന്തവാടി: പ്രവർത്തന സൗകര്യത്തിനായി കെ.എസ്.ആർ.ടി.സിയിൽ ഭരണപരിഷ്കാരം ഏർപ്പെടുത്തിയത് മാനന്തവാടി ഡിപ്പോക്ക് തിരിച്ചടിയായി. ഭരണസൗകര്യത്തിനും കണക്കുകളുടെ കൃത്യതക്കുമായാണ് ജില്ല കേന്ദ്രങ്ങളിൽ ഓഫിസുകളുടെ പ്രവർത്തനം ഏകീകരിച്ചത്.
വയനാട്ടിലെ മൂന്നു ഡിപ്പോകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സുൽത്താൻ ബത്തേരി ഡിപ്പോയെയാണ് ജില്ല ഡിപ്പോ ആയി ഉയർത്തിയിരിക്കുന്നത്. മാനന്തവാടി എ.ടി.ഒക്കാണ് ഈ ഡിപ്പോയുടെ ചുമതല. ഇദ്ദേഹം സുൽത്താൻ ബത്തേരിയിൽ ചുമതല ഏറ്റുകഴിഞ്ഞു. ഇതോടെ മാനന്തവാടി ഡിപ്പോയിൽ നാഥനില്ലാത്ത അവസ്ഥയാണ്.
ഇവിടെ നാനൂറോളം ജീവനക്കാരാണുള്ളത്. ഭരണ സൗകര്യാർഥം ഇവരിൽ ഭൂരിഭാഗം പേരെയും സ്ഥലംമാറ്റിക്കഴിഞ്ഞു. ഇവിടെ ജോലി ചെയ്യുന്നവർക്ക് ഓഫിസ് സംബന്ധമായ എന്തെങ്കിലും പേപ്പറുകൾ ശരിയാക്കണമെങ്കിൽ നാൽപതിലധികം കിലോമീറ്റർ സഞ്ചരിക്കേണ്ടതായി വരും. ബസ് ഓപറേറ്റിങ് പ്രവർത്തനങ്ങളും അവതാളത്തിലാകും.
57 ഷെഡ്യൂളുകളാണ് മാനന്തവാടിയിലുള്ളത്. കൺസഷൻ വിഷയവുമായി ബന്ധപ്പെട്ട് വിദ്യാർഥികളാണ് പുതിയ പരിഷ്കാരംമൂലം ബുദ്ധിമുട്ടിലാകുന്ന മറ്റൊരു കൂട്ടർ. നിലവിൽ മാനന്തവാടി ഡിപ്പോയിൽനിന്ന് കൺസഷൻ കാർഡ് അനുവദിക്കുന്നുണ്ടെങ്കിലും തെറ്റുതിരുത്തണമെങ്കിൽ സുൽത്താൻ ബത്തേരിയിൽ പോകേണ്ട സ്ഥിതിയാണ്. മാനേജ്മെന്‍റ് തീരുമാനത്തിൽ ജീവനക്കാർക്കിടയിൽ അമർഷം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.