ഷിബു, ഹീറോയാടാ ഹീറോ...
text_fieldsമാനന്തവാടി: റോഡിൽ കുറുകെ വീണ മരം മുറിച്ച് ഗതാഗത തടസ്സം നീക്കിയ ബസ്സ് കണ്ടക്ടർ ഹീറോയായി. മാനന്തവാടി ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ ഷിബുവാണ് താരം. പാൽവെളിച്ചം സ്വദേശിയായ വലിയപറമ്പിൽ ഷിബുവിന്റെ സമയോചിതമായ ഇടപെടലാണ് യാത്രക്കാർക്ക് രക്ഷയായി. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. കനത്ത മഴയെ തുടർന്ന് കേരള -കർണാടക അതിർത്തിയായ മച്ചൂരിൽ മരം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു.
ഇതിൽ മൂന്നു മണിക്ക് മൈസൂരുവിൽ നിന്നും പുറപ്പെട്ട മാനന്തവാടി ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസും ഉണ്ടായിരുന്നു. അതിർത്തി അയടക്കാൻ മിനിറ്റുകൾ മാത്രമായിരുന്നു ബാക്കി. മരം മുറിച്ചു മാറ്റാൻ മണിക്കൂറുകൾ വേണ്ടിവരും എന്നറിഞ്ഞ് ഷിബു തൊട്ടടുത്ത കോളനിയിൽനിന്ന് കോടാലി സംഘടിപ്പിച്ച് മരം മുറിക്കുകയായിരുന്നു. നാട്ടുകാരും കർണാടക വനംവകുദ്യോഗസ്ഥരും ഷിബുവിന് സഹായത്തിനുണ്ടായിരുന്നു. തുടർന്ന് ഗതാഗതം പുനസ്ഥാപിച്ചു. ഇതിനാലാണ് ചെക്ക് പോസ്റ്റ് അടക്കുന്നതിനു മുമ്പേ യാത്രക്കാർക്ക് കർണാടക അതിർത്തി കടക്കാൻ കഴിഞ്ഞത്. കമ്പളക്കാട് സ്വദേശിയായ ഡ്രൈവർ പി.എം. അബ്ദുൽ സലാമും സഹായത്തിനുണ്ടായിരുന്നു. പാൽവെളിച്ചം സ്വദേശിയായ ഷിബു കോളേരിയിലാണ് താമസിക്കുന്നത്. 23 വർഷമായി കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.