മാനന്തവാടിയിൽ പഴകിയ ഭക്ഷണം പിടികൂടി; ഹോട്ടലുകൾ പൂട്ടിക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ
text_fieldsമാനന്തവാടി: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന. പരിശോധനയിൽ പഴകിയ ബിരിയാണി, ഇറച്ചി ഉൽപന്നങ്ങൾ, കറികൾ, പലഹാരങ്ങൾ, പാലുൾപ്പെടെയുള്ള ഭക്ഷ്യവിഭവങ്ങൾ എന്നിവ പിടികൂടി. പോസ്റ്റ് ഓഫിസ് ജങ്ഷനിലെ സിറ്റി ഹോട്ടൽ, മൈ ബേക്സ്, റിലാക്സ് എൻ റസ്റ്ററന്റ് എന്നിവിടങ്ങളിൽനിന്നുമാണ് ഭക്ഷ്യവിഭവങ്ങൾ പിടികൂടിയത്. വള്ളിയൂർക്കാവ് ഉത്സവത്തിന് മുന്നോടിയായാണ് പരിശോധന നടത്തിയത്. എന്നാൽ, സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കാതെ പിടികൂടിയ ഭക്ഷ്യവിഭവങ്ങൾ മുനിസിപ്പൽ ഓഫിസ് പരിസരത്ത് പ്രദർശിപ്പിച്ചതിനെതിരെ നാട്ടുകാർ രംഗത്തുവന്നു.
ഭക്ഷ്യവിഭവങ്ങൾ മുനിസിപ്പൽ ഓഫിസിനുള്ളിൽ കൊണ്ടുവെച്ചായിരുന്നു പ്രതിഷേധം. തുടർന്ന് ബി.ജെ.പി പ്രവർത്തകർ സിറ്റി ഹോട്ടലിലെത്തി ഹോട്ടൽ അടച്ചുപൂട്ടിച്ചു. നിയമനടപടിക്രമങ്ങൾ പാലിച്ചേ തങ്ങൾക്ക് പ്രവർത്തിക്കാനാകൂവെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ക്ലീൻ സിറ്റി മാനേജർ സന്തോഷ് കുമാർ, സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ എസ്. ഹർഷിദ്, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ വി. സിമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നഗരത്തിലെ ഏഴ് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.