ഓണക്കാലം കൊയ്ത്തുകാലം; മാനന്തവാടി ഡിപ്പോക്ക് റെക്കോഡ് കലക്ഷൻ
text_fieldsമാനന്തവാടി: ഓണക്കാല സർവിസ് വരുമാന ഇനത്തിൽ കെ.എസ്. ആർ.ടി.സി മാനന്തവാടി ഡിപ്പോ നോർത്ത് സോണിൽ നാലാം സ്ഥാനത്ത്.
കോവിഡിന് മുമ്പ് സംസ്ഥാനത്ത് തന്നെ വരുമാന ഇനത്തിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഡിപ്പോയായിരുന്നു മാനന്തവാടിയിലേത്. കോവിഡിനെത്തുടർന്ന് ഗ്രാമീണ മേഖലയിൽ യാത്രക്കാർ കുറഞ്ഞതോടെ വരുമാനത്തിലും ഗണ്യമായ കുറവുസംഭവിച്ചു. പിന്നീട് ഡിപ്പോയിലെ പ്രതിദിന ശരാശരി വരുമാനം 10 നും 11 ലക്ഷത്തിനുമിടയിലായിരുന്നു. ഉത്രാടദിനത്തിൽ 15,06,690 രൂപ വരുമാന ഇനത്തിൽ ലഭിക്കുകയും 105 ശതമാനം ടാർഗറ്റ് കരസ്ഥമാക്കാനും കഴിഞ്ഞു.
ഓണാവധി അവസാനിച്ച 23 ന് 14,62,785 വരുമാന ഇനത്തിൽ ലഭിക്കുകയും 102.05 ശതമാനം ടാർഗറ്റ് അച്ചീവ് ചെയ്യാനും സാധിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ഉൾപ്പെടുന്ന നോർത്ത് സോണിലാണ് 79 ഷെഡ്യൂളുകളുള്ള മാനന്തവാടി ഡിപ്പോ അഭിമാന നേട്ടത്തിന് അർഹമായത്. ഇതോടൊപ്പം കോവിഡ് കാലത്ത് നിർത്തിവെച്ചിരുന്ന മാനന്തവാടി-മൈസൂരു അന്തർസംസ്ഥാന സർവിസും വ്യാഴാഴ്ച മുതൽ പുനരാരംഭിച്ചു. രാവിലെ 11.30 മാനന്തവാടിയിൽനിന്ന് ആരംഭിക്കുന്ന സർവിസ് ഉച്ചകഴിഞ്ഞ് മൂന്നിന് മൈസൂരുവിൽനിന്ന് തിരിക്കും.
വൈകീട്ട് 6.45 ന് കുട്ട വഴി മൈസൂരുവിലേക്ക് സർവിസ് നടത്തുകയും പിറ്റേ ദിവസം രാവിലെ 6.45ന് ബാവലി വഴി മാനന്തവാടിയിലേക്കും തിരിക്കും.
അതേസമയം, ചെറിയ ഒരു മഴ പെയ്താൽപോലും ചളിക്കുളമായി മാറുന്ന ഡിപ്പോ യാർഡാണ് നേട്ടങ്ങൾക്കിടയിലും ദുരിതമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.