മാനന്തവാടി: പൊലീസിനെ വെട്ടിലാക്കി വീണ്ടും മാവോവാദികളെത്തി
text_fieldsമാനന്തവാടി: വനം ഓഫിസ് അടിച്ചുതകർത്ത കേസിൽ മാവോവാദികൾക്കായി തണ്ടർബോൾട്ടും പൊലീസും അരിച്ചുപെറുക്കിപരിശോധന നടത്തുന്നതിനിടെ അതേ സംഘം വീണ്ടും ജനവാസ കേന്ദ്രത്തിൽ. കഴിഞ്ഞ വ്യാഴാഴ്ച കമ്പമലയിലെത്തിയ മാവോവാദികൾക്കായി പൊലീസും തണ്ടര്ബോൾട്ടും പരിശോധന നടത്തുന്നതിനിടെയാണ് അഞ്ചംഗ സംഘം തലപ്പുഴ പൊയിലിൽ എത്തിയത്. 28ന് മാവോവാദികളെത്തിയ കമ്പമലയിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ ദൂരമുള്ള പൊയിലിലാണ് സംഘം എത്തിയത്.
ഞായറാഴ്ച രാത്രി 7.30 ന് തൊഴാല പുത്തൻപുര സാബുവിന്റെ വീട്ടിലാണ് ആദ്യം സംഘമെത്തിയത്. വീടിനു മുന്നിൽ റോഡുണ്ടായിരുന്നെങ്കിലും വീടിന്റെ പിൻവശത്തുകൂടിയാണ് സായുധസംഘം എത്തിയത്. പട്ടി കുരക്കുന്നത് കണ്ട് സാബു പുറത്തിറങ്ങി നോക്കിയപ്പോഴാണ് തോക്കുധാരികളായ സംഘത്തെ കണ്ടത്.
വീടിനകത്തു കയറി സാബുവിനോട് സംസാരിച്ച സംഘം കഞ്ഞി കുടിച്ച ശേഷം അത്യാവശ്യം വേണ്ട പലചരക്കു സാധനങ്ങൾ ചോദിച്ചു വാങ്ങി. തുടർന്ന് തൊട്ടടുത്തുള്ള കപ്പലുമാക്കൽ ജോണിയുടെ വീട്ടിലെത്തി. ഇവിടെയാണ് കൂടുതൽ സമയം ചെലവഴിച്ചത്.
രാത്രി പത്തുമണിവരെ ജോണിയുടെ വീട്ടിൽ തങ്ങിയ സംഘം ഇവിടെ നിന്ന് കട്ടൻചായയും റൊട്ടിയും വാങ്ങിക്കഴിച്ചു. കമ്പമലയിലെ മാവോവാദി ആക്രമണവുമായി ബന്ധപ്പെട്ട് വാർത്ത വന്ന പത്രങ്ങളും ഇവർ ശേഖരിച്ചു. അക്രമവുമായി ബന്ധപ്പെട്ട് ചാനലിൽ സംപ്രേഷണം ചെയ്ത വാർത്തകൾ ജോണിയുടെ ഫോണിൽ പ്ലേ ചെയ്ത സംഘം ഇത് അവരുടെ കൈയിൽ കരുതിയിരുന്ന ഫോണിൽ റെക്കോഡ് ചെയ്തു.
കൈയിലുണ്ടായിരുന്ന ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ ചാർജ് ചെയ്ത ശേഷം അരി, ഉള്ളി, ആട്ടപ്പൊടി, പഞ്ചസാര, സോപ്പ് എന്നിവ ശേഖരിച്ച ശേഷമാണ് മടങ്ങിയത്. ഈ സമയം ജോണിയും ഭാര്യ മോളിയും ചെറുമകൻ ജുവാനുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനകത്ത് കയറിയ സംഘം മാന്യമായാണ് പെരുമാറിയതെന്ന് ജോണി പറഞ്ഞു. ഇരുവീടുകളിലും കമ്പമലയുമായി ബന്ധപ്പെട്ട വിഷയമാണ് മാവോവാദിസംഘം സംസാരിച്ചത്.
വിവരമറിഞ്ഞ് പൊലീസ്, തണ്ടർബോൾട്ട് സംഘം സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും മാവോവാദികളെ കണ്ടെത്താനായില്ല. മാവോവാദി സംഘത്തിലുൾപ്പെട്ട സി.പി. മൊയ്തീൻ, വിമൽകുമാർ, സന്തോഷ് എന്നിവരാണ് പൊയിലെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ പേരിൽ ആയുധം കൈവശം വെച്ചതിന് ഉൾപ്പെടെ യു.എ.പി.എ. ചുമത്തി കേസെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.