ഇടതിന് ആശ്വാസമായി കേളുവിൻെറ രണ്ടാമൂഴം
text_fieldsമാനന്തവാടി: ജനകീയതയും വികസന നേട്ടങ്ങളും കൈമുതലാക്കി മുൻ മന്ത്രിയായ എതിരാളിയെ രണ്ടാം അങ്കത്തിലും പരാജയപ്പെടുത്തിയതോടെ ഒ.ആർ. കേളു ജില്ലയിൽ എൽ.ഡി.എഫിെൻറ അഭിമാനമായി. കൽപറ്റ കൈവിടുകയും സുൽത്താൻ ബത്തേരിയിൽ പരാജയം ആവർത്തിക്കുകയും ചെയ്ത ഇടതുമുന്നണിക്ക് വയനാട്ടിലെ ഏക എം.എൽ.എയായി മാറി ആശ്വാസം പകരാൻ സിറ്റിങ് എം.എൽ.എക്കായി.
കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവുമായി മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയെ യു.ഡി.എഫ് മത്സരിപ്പിച്ചതോടെ അങ്കം മുറുകിയിരുന്നു. എൻ.ഡി.എ സ്ഥാനാർഥി മുകുന്ദൻ പള്ളിയറയും ബബിത ശ്രീനു (എസ്.ഡി.പി.ഐ), വിജയ ചേലൂര്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി) എന്നിവരും മത്സര രംഗത്തെത്തിയതോടെ ഫലം പ്രവചനാതീതമാക്കിയെങ്കിലും മണ്ഡലത്തിലെ വികസന നേട്ടങ്ങളും സംസ്ഥാന സർക്കാറിെൻറ പദ്ധതികളുമെല്ലാം ഉയർത്തിയുള്ള ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണം വൻ ഭൂരിപക്ഷത്തിലേക്ക് ഒ.ആർ. കേളുവിനെ നയിക്കുകയായിരുന്നു. തനിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം ഉയർന്ന ആരോപണങ്ങളെ വളരെ പക്വതയോെട കൈകാര്യം ചെയ്യാൻ എം.എൽ.എക്കായതും എതിരാളികളുടെ വിമർശനങ്ങളുടെ മുനയൊടിച്ചു.
രാഹുൽ ഗാന്ധി എം.പി മണ്ഡലത്തിൽ രണ്ട് തവണ ശക്തമായ പ്രചാരണം നടത്തിയെങ്കിലും അത് വോട്ടിൽ പ്രതിഫലിക്കാതിരുന്നതും എൽ.ഡി.എഫിെൻറ വിജയത്തിളക്കം വർധിപ്പിക്കുന്നു. രാഹുൽ പ്രചാരണത്തിനെത്തിയ വെള്ളമുണ്ടയിൽ യു.ഡി.എഫ് മൂവായിരം വോട്ടിെൻറ ലീഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും 297 വോട്ടിെൻറ മേൽകൈയാണ് ലഭിച്ചത്.
യു.ഡി.എഫ് ശക്തികേന്ദ്രമായ മാനന്തവാടിയിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വൻ അടിയൊഴുക്ക് നടന്നതായും വോട്ടുനില സൂചിപ്പിക്കുന്നു. മുന്നണി 2000ത്തോളം ഭൂരിപക്ഷം പ്രതീക്ഷിച്ച തവിഞ്ഞാലിൽ 311 വോട്ടാണ് ലഭിച്ചത്. എടവകയിൽ 1000 വോട്ടിെൻറ ഭൂരിപക്ഷം പ്രതീക്ഷിച്ച സ്ഥാനത്ത് എൽ.ഡി.എഫ് 1242 ലീഡ് നേടി ഞെട്ടിച്ചു. വെള്ളമുണ്ടയിലും പനമരത്തും മൂവായിരം വോട്ടിെൻറ ഭൂരിപക്ഷം കണക്കാക്കിയിരുന്നുവെങ്കിലും യഥാക്രമം 297ഉം 1179ഉം ലീഡ് മാത്രമാണ് നേടാനായത്. ആയിരം വോട്ടിെൻറ ലീഡ് മാനന്തവാടിയിൽ പ്രതീക്ഷിച്ച എൽ.ഡി.എഫിനെ ഞെട്ടിച്ച് 3199 വോട്ട് ഭൂരിപക്ഷം ലഭിച്ചു.
തിരുനെല്ലിയിൽ 4891ഉം തൊണ്ടർനാട് 881ഉം വോട്ട് ഭൂരിപക്ഷം എൽ.ഡി.എഫ് നേടി. കേളുവിെൻറ വ്യക്തിപ്രഭാവവും വികസനം പ്രചാരണായുധമാക്കിയതും ഇടതിന് തുണയായി. ക്രിസ്ത്യൻ-മുസ്ലിം മേഖലകളിലും കേളുവിന് വ്യക്തമായ പിന്തുണ ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ബി.ജെ.പിയുടെ വോട്ട് ചോർച്ചയും എൽ.ഡി.എഫിന് ഗുണം ചെയ്തതായാണ് വിലയിരുത്തൽ. ആദിവാസി, തോട്ടം മേഖലകളും കേളുവിനെ തുണച്ചു.
പൊതുവെ, യു.ഡി.എഫ് മണ്ഡലമായ മാനന്തവാടിയിൽ രണ്ട് തവണ മാത്രമാണ് മുമ്പ് എൽ.ഡി.എഫിന് വിജയിക്കാനായത്. 2006ൽ കെ.സി. കുഞ്ഞിരാമൻ 15,115 വോട്ടിന് വിജയിച്ചു. 2011ൽ യു.ഡി.എഫിലെ പി.കെ. ജയലക്ഷ്മിയോട് 12,734 വോട്ടിന് തോറ്റു. 2016ൽ ജയലക്ഷ്മിയെ 1,307 വോട്ടിനാണ് കേളു പരാജയപ്പെടുത്തിയത്. ഇപ്പോൾ 9282 വോട്ടിെൻറ ഭൂരിപക്ഷത്തിൽ രണ്ടാമൂഴം. 2019െല ലോക്സഭ തെരഞ്ഞെടുപ്പിലെ രാഹുൽ തരംഗത്തിൽ യു.ഡി.എഫ് 93237 വോട്ടും എൽ.ഡി.എഫും എൻ.ഡി.എയും യഥാക്രമം 38606, 13916 വോട്ടുമാണ് നേടിയത്. എന്നാൽ, 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 68489 വോട്ട് നേടി മുന്നിലെത്തി. യു.ഡി.എഫ് 64,733ഉം എൻ.ഡി.എ 18,960ഉം വോട്ടാണ് കരസ്ഥമാക്കിയത്.
ഒ.ആർ. കേളു ആദിവാസി ക്ഷേമസമിതി (എ.കെ.എസ്) സംസ്ഥാന പ്രസിഡൻറും സി.പി.എം വയനാട് ജില്ല കമ്മിറ്റിയംഗവുമാണ്. 10 വർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡൻറും അഞ്ചുവർഷം മെംബറുമായിരുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായും സേവനമനുഷ്ഠിച്ചു. ഡി.വൈ.എഫ്.ഐയിലൂടെ പൊതുപ്രവർത്തനത്തിന് തുടക്കം. 30 വർഷമായി രാഷ്ട്രീയത്തിൽ സജീവം. കാട്ടിക്കുളം ഓലഞ്ചേരി രാമെൻറയും പരേതയായ അമ്മുവിെൻറയും മകനാണ്. ഭാര്യ: പി.കെ. ശാന്ത. മക്കൾ: മിഥുന, ഭാവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.