കഴുത്തോളം മണ്ണ്; ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ പ്രമോദ്
text_fieldsമാനന്തവാടി: മരണത്തെ മുഖാമുഖം കണ്ട് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലും ഞെട്ടൽ മാറാതെ കണിയാരം ആലക്കണ്ടി പ്രമോദ്. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് 46കാരനായ പ്രമോദും സഹപ്രവർത്തകൻ തിരുനെല്ലി ആകൊല്ലി കോളനി മണിയും സ്വകാര്യ വ്യക്തിയുടെ ഭൂമിയുടെ സംരക്ഷണഭിത്തി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് കുഴിയിൽ അകപ്പെടുന്നത്. മണ്ണ് ദേഹത്ത് പതിച്ചപ്പോൾ തന്നെ മണി കമിഴ്ന്നുവീണ് പൂർണമായും അടിയിലായി. പ്രമോദിന്റെ കഴുത്തിനൊപ്പം മണ്ണ് മൂടുകയായിരുന്നു. അതിനാൽ ശ്വസിക്കാനായി. അതുകൊണ്ടുമാത്രമാണ് നാട്ടുകാരും അഗ്നിരക്ഷാ സേനയുമെത്തി രക്ഷിക്കുന്നതു വരെ ജീവൻ നിലനിർത്താനായതെന്ന് പ്രമോദ് പറഞ്ഞു.
ഇരുവരും വർഷങ്ങളായി വാർപ്പുജോലി ചെയ്തുവരുന്നവരാണ്. മണ്ണ് ദേഹത്ത് വീണതിന്റെ വേദന മാത്രമാണ് ഉള്ളതെന്നും മറ്റു പരിക്കുകളൊന്നും ഇല്ലെന്നും മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ പ്രമോദ് പറഞ്ഞു.
മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ച സംഭവം: നിർമാണം അനുമതി ഇല്ലാതെ
മാനന്തവാടി: മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെ നിർമാണ പ്രവർത്തനങ്ങൾ ഒരുവിധ അനുമതിയും ഇല്ലാതെ. മാനന്തവാടി നഗരസഭയിലെ ഇരുപത്തിഅഞ്ചാം ഡിവിഷനിൽപ്പെട്ട എരുമത്തെരുവ് ചെറ്റപ്പാലം ബൈപാസ് റോഡിലാണ് സ്വകാര്യ വ്യക്തി സംരക്ഷണ ഭിത്തി നിർമിക്കുന്നത്. മുപ്പതടിയോളം ഉയരത്തിലുള്ള കുന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ച് നിരത്തിയാണ് നിർമാണം നടത്തുന്നത്. ബുധനാഴ്ച രാവിലെ 11.30 ഓടെ അപകടം നടക്കുമ്പോൾ മുപ്പതോളം തൊഴിലാളികൾ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. മഴക്കാലത്തിന് മുന്നോടിയായി ദുരന്തനിവാരണ നിയമപ്രകാരം എല്ലാവിധത്തിലുള്ള മണ്ണെടുപ്പും ജില്ല കലക്ടർ നിരോധിച്ചിരുന്നു. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ സബ് കലക്ടറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടർ കെ. ദേവകി കലക്ടറുടെ ഉത്തരവ് ലംഘിച്ചാണ് നിർമാണം നടത്തുന്നതെന്ന് വ്യക്തമാക്കി. തങ്ങളുടെ അനുമതി ഇല്ലാതെയാണ് നിർമാണമെന്ന് നഗരസഭ അധികൃതരും അറിയിച്ചു. നിർമാണ പ്രവൃത്തികൾക്ക് ഉപയോഗിച്ച മണ്ണുമാന്തിയന്ത്രവും ടിപ്പറും അധികൃതർ കസ്റ്റഡിയിലെടുത്തു. പൊലീസും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.