നഗരസഭ ഭരണസമിതി നിലപാട്; കോൺഗ്രസിൽ അമർഷം പുകയുന്നു
text_fieldsമാനന്തവാടി: നഗരസഭ യു.ഡി.എഫ് ഭരണസമിതി നിലപാടിൽ കോൺഗ്രസിനുള്ളിൽ അമർഷം പുകയുന്നു. അധികാരത്തിലേറി ഒമ്പതു മാസത്തിനിടെ ഭരണസമിതിയെടുത്ത ഭൂരിഭാഗം തീരുമാനങ്ങളും പാർട്ടിയോട് ആലോചിക്കാതെയാണെന്നാണ് പ്രധാന ആരോപണം.
അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിന് അടിക്കാനുള്ള നിരവധി വടികൾ ഭരണപക്ഷം ഇട്ടു കൊടുത്തതായാണ് പ്രവർത്തകരുടെ ആരോപണം. കോൺഗ്രസ് വാട്സ്ആപ് കൂട്ടായ്മയിലാണ് നഗരസഭ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനങ്ങൾ ഉയരുന്നത്. പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഈ ഗ്രൂപ്പിൽ നിന്നും കൗൺസിലർമാർ ഒന്നടങ്കം ലെഫ്റ്റ് അടിച്ചു പോവുകയും ചെയ്തു.
കുറുവ ഡി.എം.സി നിയമനം, മാലിന്യം കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ വിഷയങ്ങൾ പാർട്ടിക്ക് പൊതുജനങ്ങൾക്കിടയിൽ ഏറെ അവമതിപ്പുണ്ടാക്കിയതായാണ് പ്രവർത്തകരുടെ പരാതി. ഏറ്റവും ഒടുവിൽ ഐ. എൻ.ടി.യു.സി പ്രവർത്തകരറിയാതെ സി .ഐ.ടി.യു.വിെൻറ ക്ഷണപ്രകാരം നഗരസഭ ചെയർമാനും വൈസ്ചെയർമാനും മാനന്തവാടി കെ.എസ്.ആർ.ടി.സി ഡിപ്പോ സന്ദർശിച്ച് ഉറപ്പു നൽകിയതും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കി.
നഗരസഭ വികസനവുമായി ബന്ധപ്പെട്ട് മാസ്റ്റർ പ്ലാനിെൻറ ചർച്ചകൾ വിവിധ ഘട്ടങ്ങളിൽ നടന്നുവരുകയാണ്. എന്നാൽ, ഭരണമുന്നണി നേതാക്കളെ അകറ്റിനിർത്തിയാണ് ഭരണസമിതി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പാർട്ടി നഗരസഭ പ്രതിനിധികൾ ഉൾപ്പെടുന്ന കമ്മിറ്റി രൂപവത്കരിച്ച് ഭരണസമിതി പ്രവർത്തനം നിയന്ത്രിക്കണമെന്നാണ് പ്രവർത്തകരുടെ പ്രധാന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.