വയനാടന്‍ കാടുകളില്‍ മഞ്ഞക്കൊന്ന പടരുന്നു; തടയാനാവാതെ വനംവകുപ്പ്
text_fieldsമാനന്തവാടി: പതിറ്റാണ്ടുകള്‍ക്കു മുമ്പ് സാമൂഹിക വനംവകുപ്പ് വിഭാഗം വിദേശത്തുനിന്ന് കേരളത്തിലെ വനത്തിലെത്തിച്ച മഞ്ഞക്കൊന്ന എന്നറിയപ്പെടുന്ന സെന്ന കാസിയസ് പക്ടാബി ലീസ് എന്ന ചെടി വയനാട്ടിലെ സ്വാഭാവിക വനങ്ങള്‍ക്ക് ഭീഷണിയാണെന്നു തിരിച്ചറിഞ്ഞിട്ടും നശിപ്പിക്കാനാവാതെ വനംവകുപ്പ്. അഞ്ചുവര്‍ഷം മുമ്പ് ഈ ചെടിയുടെ ദൂഷ്യം തിരിച്ചറിഞ്ഞ വനംവകുപ്പ് നശിപ്പിക്കാനുള്ള പല പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും ഒന്നും ഫലവത്താവുന്നില്ല. ക്രമാതീതമായ ഇവയുടെ വളര്‍ച്ച സ്വാഭാവിക വനത്തിനും മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഒരുപോലെ ഭീഷണിയായി മാറുകയാണ്.
സാമൂഹിക വനവത്കരണ വിഭാഗം വിദേശത്തുനിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന വിവിധയിനം വിത്തുകളില്‍ മഞ്ഞക്കൊന്നയുടെ വിത്തും ഉള്‍പ്പെടുകയായിരുന്നു. മഞ്ഞക്കൊന്നയുടെ വ്യാപനം തിരിച്ചറിഞ്ഞ വനപാലകര്‍ ഇവ നശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു കാണിച്ച് ഉന്നത വനപാലകര്‍ക്കും സര്‍ക്കാറിനും സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇവ വേരോടെ പിഴുതുമാറ്റണമെന്നായിരുന്നു നിര്‍ദേശം.പരീക്ഷണാടിസ്ഥാനത്തിൽ ചില വനം ഉദ്യോഗസ്ഥര്‍ സ്വന്തം നിലയില്‍ മഞ്ഞക്കൊന്ന വേരോടെ പിഴുതിമാറ്റിയത് വിജയമായിരുന്നു. മഞ്ഞക്കൊന്ന തഴച്ചുവളര്‍ന്ന സ്ഥലങ്ങളിലെ തേക്ക് മരങ്ങളടക്കമുള്ളവ വന്‍തോതില്‍ ഉണങ്ങുന്നുണ്ട്. ചുരുങ്ങിയ കാലംകൊണ്ട് വയനാട് വന്യജീവി സങ്കേതം, നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്, കര്‍ണാടകയിലെ വെള്ള റേഞ്ച്, ബന്ദിപ്പൂര്‍ രാജീവ് ഗാന്ധി നാഷനല്‍ പാര്‍ക്ക് വനമേഖല എന്നിവിടങ്ങളിലെല്ലാം മഞ്ഞക്കൊന്ന വന്‍തോതില്‍ വ്യാപിച്ചിട്ടുണ്ട്.
ഇതിെൻറ ഇലയോ കമ്പോ ഒരു ജീവിയും തൊടില്ല. പൂവില്‍ തേനീച്ച പോലും സ്പര്‍ശിക്കില്ല. വേര് മുതല്‍ പൂവുവരെ വിഷാംശമാണ്. മുപ്പത് അടിയോളം വളരുന്ന മരത്തില്‍ ആറായിരം മുതല്‍ ഒമ്പതിനായിരം വിത്തുവരെ ഉണ്ടാകുമെന്നാണ് കണ്ടെത്തല്‍. ഏത് കാലാവസ്ഥയിലും ഒന്നുപോലും നശിക്കാതെ കിളിര്‍ക്കും. തടി മുറിച്ചാല്‍ വേരില്‍നിന്ന് നൂറുകണക്കിന് തൈ മുളക്കും. കേരള, കര്‍ണാടക, തമിഴ്നാട് സര്‍ക്കാറുകള്‍ യോജിച്ച് ഇത് നശിപ്പിക്കാന്‍ ധാരണയായെങ്കിലും വനംവകുപ്പ് വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല. സ്വകാര്യ ഭൂമിയിലും മഞ്ഞക്കൊന്ന വ്യാപിച്ചുകഴിഞ്ഞു. സ്വഭാവിക വനശോഷണംകൊണ്ട് വന്യമൃഗശല്യം അതിരൂക്ഷമായ വയനാട് ജില്ലയില്‍ ഇന്നുള്ള വനംകൂടി രാക്ഷസക്കൊന്ന കൈയടക്കുന്ന അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.