മാവോവാദി നേതാക്കളായ ചന്ദ്രുവും ഉണ്ണിമായയും പൊലീസ് കസ്റ്റഡിയിൽ
text_fieldsമാനന്തവാടി: പേര്യ ചപ്പാരത്തുള്ള ഏറ്റുമുട്ടലിൽ പൊലീസ് പിടികൂടിയ മാവോവാദി നേതാക്കളായ ചന്ദ്രുവും ഉണ്ണിമായയെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വിയ്യൂർ ജയിലിൽ കഴിയുകയായിരുന്ന ഇരുവരെയും പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണ് കസ്റ്റഡിയിൽ നൽകിയത്. കൽപറ്റ സബ് ഡിവിഷൻ പരിധിയിൽ വരുന്ന മേപ്പാടി, വൈത്തിരി, പടിഞ്ഞാറത്തറ തുടങ്ങിയ സ്റ്റേഷനുകളിലെ കേസുകളുടെ ആവശ്യാർഥമാണ് ഇരുവരെയും കസ്റ്റഡിയിൽ വിട്ടത്.
കൽപറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയുടെ ചുമതലയുള്ള മാനന്തവാടി അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പി.ടി. പ്രകാശനാണ് ആറു ദിവസം കസ്റ്റഡി അനുവദിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ചന്ത്രുവിനെയും ഉണ്ണിമായയെയും മാനന്തവാടി കോടതിയിലെത്തിച്ചത്. പിന്നീട് വയനാട് ഗവ. മെഡിക്കൽ കോളജിലെ വൈദ്യപരിശോധനക്കുശേഷം ജില്ല പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്കു മാറ്റി.
കഴിഞ്ഞ നവംബർ ഏഴിനു രാത്രിയാണ് പേര്യ ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിൽ നിന്നു മാവോവാദികളും പൊലീസും ഏറ്റുമുട്ടിയത്. സംഭവത്തിൽ ചന്ദ്രുവിനെയും ഉണ്ണിമായയെയും പിടികൂടിയെങ്കിലും ഇവരുടെ ഒപ്പമുണ്ടായിരുന്ന ചിലർ ഓടിരക്ഷപ്പെട്ടിരുന്നു.
ലത, സുന്ദരി എന്നിവരാണ് ഓടിരക്ഷപ്പെട്ടതെന്ന് സംശയിക്കുന്നത്. പിന്നീട് പേര്യ ചപ്പാരം വെടിവെപ്പ് കേസ് എന്‍.ഐ.എ ഏറ്റെടുത്തു കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ഒളിവില്‍ പോയവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്തു ലക്ഷം ഇനാമും പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.