വയനാട് മെഡിക്കല്‍ കോളജിൽ എം.ബി.ബി.എസ് ക്ലാസ്; സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം
text_fieldsമാനന്തവാടി: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ആവശ്യമായ സംവിധാനങ്ങളൊരുക്കാത്ത വയനാട് മെഡിക്കല്‍ കോളജിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ മന്ത്രി തലത്തിൽ യോഗം. വയനാട് മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മന്ത്രി വീണജോർജ് വിളിച്ചുചേർച്ച യോഗത്തിൽ അടുത്ത അധ്യായന വര്‍ഷത്തില്‍ എം.ബി.ബി.എസ് ക്ലാസ് ആരംഭിക്കാനുള്ള സൗകര്യങ്ങളൊരുക്കാൻ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നൽകി. നാഷനല്‍ മെഡിക്കല്‍ കമീഷന് ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ സമയബന്ധിതമായി പരിഹരിക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. 100 എം.ബി.ബി.എസ് വിദ്യാർഥികള്‍ക്ക് പ്രവേശനം നല്കുന്നതിനായുള്ള എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് നല്‍കിയിരുന്നു. കേരള ആരോഗ്യ സര്‍വകലാശാല പരിശോധന നടത്തി അംഗീകാരം ലഭ്യമാക്കിയിട്ടുണ്ട്. 2024ലെ അഡ്മിഷന് നടത്താനായി ആദ്യ വര്‍ഷ ക്ലാസുകള്‍ക്കുള്ള സൗകര്യങ്ങളൊരുക്കി എന്‍.എം.സിയുടെ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ല ആശുപത്രിയില്‍ സജ്ജമാക്കിയ ആറുനില കെട്ടിടത്തില്‍ ആദ്യ വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ക്രമീകരണങ്ങളൊരുക്കണം.
തലപ്പുഴ ബോയ്സ് ടൗണില്‍ മെഡിക്കല്‍ കോളജിനായി പ്രഖ്യാപിച്ച ആരോഗ്യ വകുപ്പിന്റെ കൈവശമുള്ള 65 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരമാണ് കെട്ടിട നിർമാണം ആരംഭിക്കുന്നതിന് കാലതാമസമുണ്ടായത്. അടിയന്തരമായി കോടതിയുടെ അനുമതി തേടി നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. ജില്ല ആശുപത്രിക്കു സമീപം ഏറ്റെടുക്കാന്‍ പറ്റുന്ന സ്ഥലങ്ങള്‍ കണ്ടെത്താന്‍ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ അഞ്ച് നഴ്സിങ് കോളജുകള്‍ക്ക് അനുമതി നല്‍കിയതില്‍ വയനാട് ജില്ലയും ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാവശ്യമായ സജ്ജീകരണങ്ങളൊരുക്കാനും മന്ത്രി യോഗത്തിൽ നിര്‍ദേശിച്ചു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍, ജില്ല കലക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.