സഞ്ചാരികളുടെ മനംകവർന്ന് മുനീശ്വരൻകുന്ന്
text_fieldsമാനന്തവാടി: മഞ്ഞുകിരണങ്ങളാൽ കുളിരണിഞ്ഞ് തലപ്പുഴ പുതിയിടം മുനീശ്വരൻകുന്ന് സഞ്ചാരികളുടെ മനംകവരുന്നു. വനം വകുപ്പിന്റെ ഇക്കോ ടൂറിസം പ്രദേശമായ ഇവിടേക്ക് വിനോദ സഞ്ചാരികളുടെ കുത്തൊഴുക്കാണ്. സമുദ്രനിരപ്പിൽനിന്ന് ആയിരത്തോളം അടി മുകളിലാണ് മുനീശ്വരൻകുന്ന്.
കടലോളം വെള്ളം എന്നൊക്കെ പറയുന്നതുപോലെയാണ് തലപ്പുഴ പുതിയിടം മുനീശ്വരൻകുന്നിലെ മൂടൽമഞ്ഞ് കിരണങ്ങൾ. ഊട്ടിക്ക് സമാനമായ മറ്റൊരു ഊട്ടി എന്നും പറയാം. കോടമഞ്ഞും തണപ്പുമെല്ലാം ആസ്വദിക്കാൻ നൂറുകണക്കിന് സഞ്ചാരികളാണ് ദിവസേന ഇവിടെ എത്തുന്നത്. പുലർച്ച മുതൽ ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. കോവിഡിന്റെ അടച്ചിടലിനുശേഷം കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ആറായിരത്തിനടുത്ത് ആളുകൾ ഇവിടെ എത്തി.
വനം വകുപ്പിന്റെ കീഴിലാണ് മുനീശ്വരൻ കുന്ന്. മുതിർന്നവർക്ക് 45 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് നിരക്ക്.
രാവിലെ സൂര്യോദയവും വൈകീട്ട് അസ്തമയവുമെല്ലാം ഇവിടെനിന്നും ദർശിക്കാൻ കഴിയും. കുന്നിൻ പ്രദേശമായതിനാൽതന്നെ മാനന്തവാടിയും പരിസര പ്രദേശവുമെല്ലാം ആകാശ കാഴ്ചയോടെ ആസ്വദിക്കാം. പ്രദേശത്ത് തന്നെയുള്ള മുനീശ്വരൻ കോവിൽ ക്ഷേത്രം ഇവിടെയെത്തുന്നവർക്ക് ഭക്തിയുടെ അന്തരീക്ഷവും പകർന്നുനൽകും.
വനം വകുപ്പ് കുറച്ചുകൂടി ഭൗതിക സാഹചര്യങ്ങളൊരുക്കിയാൽ വയനാടിന്റെ ഭൂപടത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മുനീശ്വരൻകുന്ന് മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.