പാലമില്ല; യവനാർകുളം, കുളത്താട പ്രദേശങ്ങൾ ഒറ്റപ്പെടുന്നു
text_fieldsമാനന്തവാടി: പാലമില്ലാത്തതിനാൽ യവനാർകുളം, കുളത്താട പ്രദേശങ്ങൾ ഒറ്റപ്പെടുന്നു. വിമലനഗർ-കുളത്താട-വാളാട്- പേരിയ റോഡ് നിർമാണം നടക്കുന്ന പ്രദേശത്തെ മുതിരേരിപാലം നാല് മാസങ്ങൾക്ക് മുമ്പ് പൊളിച്ചുമാറ്റിയിരുന്നു. കരാറുകാർ മഴക്ക് മുമ്പ് പാലം പണി പൂർത്തിയാക്കുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, പാലം നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്.
താൽക്കാലികമായി നിർമിച്ച ചപ്പാത്ത് പാലം അപകട ഭീഷണിയിലാണ്. കാൽനട പോലും ജീവൻ പണയം വെച്ചാണ്. റോഡ് നിർമാണത്തിന് നൂറ് കോടിയിലധികം രൂപ സർക്കാർ ചെലവഴിച്ച് പ്രവൃത്തി നടന്നു വരുകയാണ്.
കെ.എസ്.ടി.പിയുടെ മേൽനോട്ടത്തിലാണ് പണി നടക്കുന്നത്. ദീർഘവീക്ഷണമില്ലാതെയും അശാസ്ത്രീയമായും നടപ്പാക്കുന്നതിനാൽ ജനങ്ങൾക്ക് ഏറെ ദുരിതം വിതച്ചിരിക്കുകയാണ്.
നിറഞ്ഞൊഴുകുന്ന തോട്ടിൽ നിർമിച്ച താൽകാലിക പാലത്തിലൂടെ നൂറുകണക്കിന് യാത്രക്കാരും വിദ്യാർഥികളും സഞ്ചരിക്കുന്നുണ്ട്. പ്രദേശത്തേക്ക് സർവിസ് നടത്തിയിരുന്ന ഏക ബസും ഓട്ടം നിർത്തി. ഒരു സുരക്ഷ സംവിധാനവും ഇല്ലാതെ റോഡ് നിർമിച്ചതിനാൽ പ്രദേശത്തെ നിരവധി വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. പോരൂർ ഗവ. എൽ.പി, സർവോദയം യു.പി സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന നൂറ് കണക്കിന് വിദ്യാർഥികൾ വിദ്യാലങ്ങളിലെത്തുന്നതും ഇതോടെ അനിശ്ചിതത്വത്തിലായി.
സുരക്ഷ സംവിധാനത്തോടെ താൽക്കാലിക പാലം നിർമിക്കുകയും പുതിയ പാലത്തിന്റെ പണി ഉടൻ ആരംഭിക്കുകയും വേണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജോയ്സി ഷാജു, ഗ്രാമ പഞ്ചായത്തംഗം ജോണി മറ്റത്തിലാനി, പോരൂർ ഗവ. എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് മനോജ് കല്ലരികാട്ട് എന്നിവർ ആവശ്യപ്പെട്ടു. ആവശ്യമായ പല സ്ഥലങ്ങളിലും ഡ്രെയ്നേജുകളും സംരക്ഷണഭിത്തികളും ഇല്ല. ഒരു പ്രദേശം മുഴുവനായി ഒറ്റപ്പെടുന്ന വിഷയത്തിൽ ദുരന്തനിവാരണ സമിതി ചെയർമാൻ കൂടിയായ കലക്ടർ നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ദുരിതത്തിന് അടിയന്തരപരിഹാരത്തിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.