നെല്ലിയമ്പം ഇരട്ടക്കൊല: ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsമാനന്തവാടി: പനമരം നെല്ലിയമ്പത്ത് റിട്ട. അധ്യാപകനും ഭാര്യയും കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. നെല്ലിയമ്പം കുറുമ കോളനിയിലെ അർജുൻ (24) ആണ് ആത്മഹത്യശ്രമം നടത്തി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. വ്യാഴാഴ്ച രാത്രിയിൽ മാനന്തവാടി ഡിവൈ.എസ്.പി ഓഫിസിൽ വെച്ചാണ് യുവാവ് ആത്മഹത്യശ്രമം നടത്തിയത്.
ഉടൻ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിന്നാലെ വിദഗ്ധ ചികിത്സക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തുന്നതിനാണ് അർജുനെ ഡിവൈ.എസ്.പി ഓഫിസിലേക്ക് വിളിപ്പിച്ചതെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു. ചോദ്യം ചെയ്യുന്നതിനിടെ ബാത്ത് റൂമിൽ പോയ യുവാവ് രക്ഷപ്പെടുകയും പൊലീസ് പിടികൂടുകയും ചെയ്തു. ഇതിനിടെയാണ് വിഷം കഴിച്ച കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. യുവാവിെൻറ ആരോഗ്യനില തൃപ്തികരമാണെന്ന് എസ്.പി വ്യക്തമാക്കി.
പൊലീസിെൻറ നിരന്തര പീഡനം മൂലമുള്ള മാനസിക വിഷമമാണ് യുവാവ് ആത്മഹത്യക്ക് ശ്രമിക്കാൻ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. കേസ് യുവാവിെൻറ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്ന് നാട്ടുകാരും ആരോപിച്ചു. ഇരട്ടക്കൊല കേസിൽ ഇതിനകം പ്രദേശവാസികളെ പലതവണ ചോദ്യം ചെയ്തിട്ടും ഒരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല.
കഴിഞ്ഞ ജൂൺ 10ന് രാത്രിയാണ് മുഖംമൂടി ധാരികളുടെ ആക്രമണത്തിൽ താഴെ നെല്ലിയമ്പത്തെ കേശവൻ മാസ്റ്ററും (70) ഭാര്യ പത്മാവതിയും (65) കൊല്ലപ്പെട്ടത്. മരിക്കുന്നതിനുമുമ്പ് പത്മാവതി നൽകിയ മൊഴിയിൽ വീടിനു മുകളിൽനിന്ന് മുഖംമൂടി ധരിച്ചെത്തിയ രണ്ടു പേരാണ് തന്നെയും ഭർത്താവിനെയും വെട്ടിയതെന്ന് പറഞ്ഞിരുന്നു. ഈ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോയത്. 1200ലധികം ആളുകളുടെ വിരലടയാളം പരിശോധിച്ച് തെളിവുകൾ ശേഖരിക്കുകയും അത്രതന്നെ ആളുകളിൽനിന്ന് മൊഴിയെടുക്കലും നടത്തി. വയനാട് മുതൽ താമരശ്ശേരി വരെയുള്ള സ്ഥലങ്ങളിലെ മുഴുവൻ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.