നെല്ലിയമ്പം ഇരട്ടക്കൊല: പ്രതി നാലുദിവസം പൊലീസ് കസ്റ്റഡിയിൽ
text_fieldsമാനന്തവാടി: പനമരം നെല്ലിയമ്പത്ത് വയോധികദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കായക്കുന്ന് കുറുമ കോളനിയിലെ അർജുനെ കൂടുതൽ ചോദ്യം ചെയ്യാനായി നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ അഞ്ചു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് മാനന്തവാടി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഒന്നിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തിങ്കളാഴ്ച അപേക്ഷ പരിഗണിച്ച കോടതി ഈമാസം 24വരെയാണ് പൊലീസിന് വിട്ടുനൽകിയത്.
അറസ്റ്റ് രേഖപ്പെടുത്തിയശേഷം വെള്ളിയാഴ്ച അർജുനെ റിമാൻഡ് ചെയ്തിരുന്നു. 2021 ജൂൺ 10നാണ് നെല്ലിയമ്പം പത്മാലയത്തിൽ കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയും കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മൂന്നു മാസം പിന്നിടുമ്പോഴാണ് അയൽവാസിയായ പ്രതി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോഴുള്ള മൊഴിയിലെ വൈരുധ്യമാണ് അറസ്റ്റിലേക്ക് നയിച്ചത്.
കൊല്ലാനുപയോഗിച്ച ആയുധം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. കൂടാതെ സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നീ കാര്യങ്ങളും അന്വേഷിക്കും. ചോദ്യംചെയ്യലിൽ ലഭിക്കുന്ന വിവരത്തിെൻറ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം. ശാസ്ത്രീയതെളിവുകൾ ശേഖരിക്കാനും പൊലീസ് ശ്രമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.