നെല്ലിയമ്പം ഇരട്ടക്കൊല: തുമ്പ് ലഭിക്കാതെ പൊലീസ്
text_fieldsമാനന്തവാടി: പനമരം നെല്ലിയമ്പത്ത് വയോധികദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയിട്ട് 10 ദിവസം പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഒരു തുമ്പും ലഭിക്കാതെ പൊലീസ് ഇരുട്ടിൽതപ്പുന്നു.
ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള ഏജൻസികളെ ഏൽപിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ പത്തിനാണ് താഴെ നെല്ലിയമ്പം കാവടത്ത് റിട്ട. അധ്യാപകൻ പത്മാലയത്തിൽ കേശവൻ മാസ്റ്റർ (72), ഭാര്യ പത്മാവതി എന്നിവർ വീട്ടിനുള്ളിൽ മുഖംമൂടി ധാരികളുടെ കുത്തേറ്റ് മരിച്ചത്.
മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രെൻറ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനകം നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും കാര്യമായ തുമ്പൊന്നും കിട്ടിയിട്ടില്ല. മൊബൈൽ ടവറുകളും സി.സി.ടി.വികളും പരിശോധിച്ചിട്ടും പ്രതികളെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. ആക്രമിസംഘത്തിന് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്താൽ ജില്ലയിലെ ആശുപത്രികളിൽ പ്രതികൾ ചികിത്സതേടിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ചുവരുകയാണ്.
മുഖാവരണം ധരിച്ച രണ്ട് പേരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം.
അന്വേഷണം പരോളിൽ ഇറങ്ങിയവരിലേക്കും
കൊലപാതകം നടത്തിയവർ ജയിലിൽനിന്ന് ഇറങ്ങിയവരാണോ എന്ന സംശയം അന്വേഷണസംഘത്തിനുണ്ട്. ഈ നിലയിൽ അന്വേഷണം നടത്തിയിട്ടും കാര്യമായ പുരോഗതി ഉണ്ടാക്കാനായില്ല. കൊലപാതകം നടന്ന വീടും പരിസരവും അരിച്ചുപെറുക്കിയിരുന്നു.
രക്തക്കറ പുരണ്ട തുണി, അഴികൾ എടുത്തുമാറ്റി ജനൽപാളി പൊളിച്ചത് എന്നിവയാണ് ആകെ കിട്ടിയിരിക്കുന്ന തുമ്പുകൾ. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംശയമുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നുണ്ട്. ഇവരുടെ വിരലടയാളങ്ങളും ശേഖരിക്കുന്നുണ്ട്. കോവിഡ് കാലമായതോടെ സംസ്ഥാനത്തെ വിവിധ ജയിലുകളിൽനിന്ന് ക്രിമിനൽ പശ്ചാത്തലമുള്ള നിരവധിപേർ പുറത്തിറങ്ങിയിട്ടുണ്ട്.
അവരിലേക്കും അന്വേഷണം നീങ്ങിയാൽ മാത്രമേ കാര്യങ്ങൾക്ക് വ്യക്തത വരുകയുള്ളൂ എന്ന് നാട്ടുകാരിൽനിന്ന് അഭിപ്രായമുയരുന്നുണ്ട്. കൊലപാതകം നടന്നതിനുശേഷം കാവടം, നെല്ലിയമ്പം, നടവയൽ, കായക്കുന്ന്, പുഞ്ചവയൽ തുടങ്ങിയ പ്രദേശങ്ങളിലൊക്കെ ജനങ്ങൾ ഭീതിയിലാണ്.
പൊലീസിലെ വിദഗ്ധർ അന്വേഷണസംഘത്തിൽ ഉണ്ടെങ്കിലും ഒരുതുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. കൊലപാതകം നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതികളിലേക്ക് എത്താൻപോലും പൊലീസിന് കഴിയാത്തത് ഇവരുടെ ആശങ്ക വർധിപ്പിക്കുകയാണ്. കുറ്റാന്വേഷണത്തിന് ആധുനികസംവിധാനങ്ങൾ എല്ലാമുള്ള പൊലീസിന് ഒരു തുമ്പുപോലും ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം അവശേഷിക്കുകയാണ്. ഇതിനിടെ നാട്ടുകാർ കർമസമിതി രൂപവത്കരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.