വനം ഡിവിഷൻ ഓഫിസ് മാവോവാദികൾ തകർത്ത കേസ് എൻ.ഐ.എ ഏറ്റെടുത്തു
text_fieldsമാനന്തവാടി: ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിച്ച തലപ്പുഴ കമ്പമല കേരള വനം വികസന കോർപറേഷന് കീഴിലെ തേയിലത്തോട്ടത്തിലെ വനം ഡിവിഷനല്‍ മാനേജറുടെ ഓഫിസ് മാവോവാദികള്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എൻ.ഐ.എ) കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലയിലെത്തിയ സംഘം, സംഭവദിവസം മാവോവാദികള്‍ വാട്സ്ആപ്പിലൂടെ പോസ്റ്ററുകളുടെയും മറ്റും ചിത്രങ്ങള്‍ അയച്ചുകൊടുത്ത മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുത്തു.
2023 സെപ്റ്റംബര്‍ 28ന് ഉച്ചക്ക് 12ഓടെയാണ് മാവോവാദി സംഘം കമ്പമലയിലെ കെ.എഫ്ഡി.സി ഡിവിഷനല്‍ മാനേജറുടെ കാര്യാലയത്തില്‍ അതിക്രമച്ചുകയറി കമ്പ്യൂട്ടറുകൾ, മേശകള്‍, ജനല്‍ച്ചില്ലുകള്‍ എന്നിവ അടിച്ചുതകര്‍ത്തത്. 20 മിനിറ്റോളം ഡിവിഷനല്‍ മാനേജറുമായി സംസാരിച്ച ഇവർ ഓഫിസ് കെട്ടിടത്തിന്റെ പുറംചുമരില്‍ മലയാളത്തിലും തമിഴിലും എഴുതിയ പോസ്റ്ററുകള്‍ പതിച്ചാണ് മടങ്ങിയത്.
ഓഫിസ് ജീവനക്കാരില്‍ ഒരാളുടെ ഫോണ്‍ ഉപയോഗപ്പെടുത്തിയാണ് ഏതാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് വാട്സ്ആപ്പിലൂടെ ചിത്രങ്ങള്‍ അയച്ചത്. കനത്ത മഴക്കിടെ പ്ലാസ്റ്റിക് ഷീറ്റ് ധരിച്ചാണ് അഞ്ചംഗ സംഘം ഓഫിസില്‍ എത്തിയത്. ഒരു മണിയോടെയാണ് സംഘം കമ്പമലയില്‍നിന്ന് മടങ്ങിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീലങ്കയില്‍നിന്നെത്തിയ തമിഴ് അഭയാര്‍ഥികളുടെ പുനരധിവാസത്തിന് ആരംഭിച്ചതാണ് കമ്പമല തേയിലത്തോട്ടം. തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനു നടപടി സ്വീകരിക്കുക, പാര്‍പ്പിടങ്ങള്‍ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മാവോവാദികള്‍ കമ്പമലയില്‍ പതിച്ച പോസ്റ്ററുകളില്‍ ഉണ്ടായിരുന്നത്. കമ്പമല കെ.എഫ്ഡി.സി ഓഫിസിലും പരിസരങ്ങളിലും ഒക്ടോബര്‍ ഏഴിന് അന്നത്തെ എ.ഡി.ജി.പി എം.ആര്. അജിത്കുമാര്‍ സന്ദര്‍ശനം നടത്തിയിരുന്നു. സമീപകാലത്ത് പലപ്പോഴായി പൊലീസ് പിടിയിലായ മാവോവാദികള്‍ ഉള്‍പ്പെടുന്ന സംഘമാണ് കമ്പമലയില്‍ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.