പെൻഷൻ മുടങ്ങിയിട്ട് ഒമ്പതു മാസം; മരുന്ന് വാങ്ങാൻ പണമില്ലാതെ അരിവാൾ രോഗികൾ
text_fieldsമാനന്തവാടി: ഏക ആശ്രയമായ പെൻഷൻ മുടങ്ങിയിട്ട് ഒമ്പതു മാസം പിന്നിടുന്നു. വേദന ശമിപ്പിക്കാനുള്ള മരുന്ന് വാങ്ങാൻ പോലും വകയില്ലാതെ അരിവാൾ രോഗികൾ (സിക്കിൾസെൽ അനീമിയ) ദുരിതം പേറുന്നു. ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്താണ് ആദിവാസികളായ രോഗികൾക്ക് 1000 രൂപ പെൻഷൻ ഏർപ്പെടുത്തിയത്. പിന്നീട് വന്ന പിണറായി സർക്കാർ മറ്റു വിഭാഗങ്ങളിലെ അരിവാൾ രോഗികൾക്കുകൂടി പെൻഷൻ അനുവദിച്ചു. നിലവിൽ ആദിവാസി രോഗികൾക്ക് 2500 രൂപയും മറ്റു വിഭാഗക്കാർക്ക് 2000 രൂപയുമാണ്. ഇതിൽ ആദിവാസികളുടെ പെൻഷൻ പട്ടികവർഗ വകുപ്പ് നൽകുന്നതിനാൽ തടസ്സം നേരിട്ടിട്ടില്ല. ആദിവാസികൾക്കിടയിലും ചെട്ടി സമുദായക്കാരിലുമാണ് ഈ രോഗം കൂടുതൽ കണ്ടുവരുന്നത്.
ജില്ലയിൽ 932 അരിവാൾ രോഗികൾ ഉണ്ടെന്നാണ് സർക്കാർ കണക്ക്. ഇതിൽ അറുനൂറോളം പേർ പട്ടിക വർഗ വിഭാഗത്തിൽപെട്ടവരാണ്. എന്നാൽ, രോഗികളുടെ എണ്ണം സർക്കാർ കണക്കിനേക്കാൾ കൂടുതലാണെന്നാണ് അരിവാൾ രോഗികളുടെ സംഘടനയുടെ നിലപാട്. നിലവിൽ മാനന്തവാടി, കോഴിക്കോട് മെഡിക്കൽ കോളജുകളിലാണ് ഇവർക്ക് ചികിത്സ ലഭിക്കുന്നത്.
ചികിത്സ നേടാനുള്ള വണ്ടിക്കൂലി പോലും കൈവശമില്ലാത്തതിനാൽ മിക്ക രോഗികളും വേദന കടിച്ചമർത്തി കഴിയുകയാണ്. തങ്ങളുടെ ദുരിതമകറ്റാൻ സർക്കാർ കണ്ണുതുറക്കണമെന്നാണ് രോഗികളുടെ ഏക ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.