നിപ, കോവിഡ്: അതിർത്തിയിൽ കർശന പരിശോധനയുമായി കർണാടക
text_fieldsമാനന്തവാടി: കേരളത്തിൽ നിപ രോഗം സ്ഥിരീകരിക്കുകയും അതിർത്തി ചെക്ക് പോസ്റ്റുകളിലൂടെ വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുകളുമായി യാത്ര ചെയ്യുന്നവരെ മുമ്പ് പിടികൂടുകയും ചെയ്തതിെൻറ പശ്ചാത്തലത്തിൽ കർശന പരിശോധനയുമായി കർണാടക. ബാവലി, കുട്ട ചെക്ക്പോസ്റ്റുകളിൽ ഇതിനായി പ്രത്യേക പൊലീസിനെ നിയോഗിച്ചതായി എച്ച്.ഡി കോട്ട സർക്കിൾ ഇൻസ്പെക്ടർ എൻ. ആനന്ദ് പറഞ്ഞു.
വിവിധ അതിർത്തി ചെക്ക് പോസ്റ്റുകളിൽ ആരോഗ്യവകുപ്പുമായി ചേർന്ന് കർണാടക പൊലീസ് സർട്ടിഫിക്കറ്റുകൾ കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്തുന്ന സർട്ടിഫിക്കറ്റുമായി വരുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കും. വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ഇതിനകം ഇത്തരത്തിൽ ഏഴു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോവിൻ ആപ്പിന് പുറമെ പ്രത്യേക മൊബൈൽ ആപ് ഇതിനായി തയാറാക്കി. കേരളത്തിൽനിന്നടക്കം വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുകളുമായി കർണാടകയിലേക്ക് എത്തിയവരെ പിടികൂടിയ സാഹചര്യത്തിലാണ് കർണാടക പൊലീസ് നടപടി കർശനമാക്കുന്നത്. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൈസൂരു, കുടക് ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി. അതിർത്തി കടന്നെത്തുന്നവരെ നിപ പരിശോധനകൂടി നടത്തുന്നുണ്ട്. മടിക്കേരിയിൽ ഇതിെൻറ ഭാഗമായി ഏഴ് കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.