നവകേരള സദസ്സിനായി പൊളിച്ച സ്കൂൾ മതിൽ പുനർനിർമിക്കാൻ നടപടിയില്ല
text_fieldsമാനന്തവാടി: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിന്റെ വേദിയിൽ എത്താനായി പൊളിച്ച സർക്കാർ സ്കൂൾ മതിൽ പുനർനിർമിക്കാൻ നടപടിയില്ല. നവംബർ 22നാണ് മാനന്തവാടി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് സംരക്ഷിക്കാനായി നിർമിച്ച സംരക്ഷണമതിൽ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചത്. ഏകദേശം 20 മീറ്ററോളം ദൂരത്തിലാണ് പൊളിച്ചത്. ഇതിലൂടെയാണ് ആഡംബര ബസ് ഗ്രൗണ്ടിലേക്ക് പ്രവേശിച്ചത്. പരിപാടി കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും പുനർനിർമിക്കാൻ ഒരു നടപടിയും ഇല്ല.
ജില്ലയിലെ നാനൂറ് മീറ്റർ ട്രാക്കുള്ള ഏക ഗ്രൗണ്ടാണിത്. മുമ്പ് സാമൂഹ്യ ദ്രോഹികൾ ഗ്രൗണ്ട് കൈയേറിയിരുന്നു. കൂടാതെ ഡ്രൈവിങ് പരിശീലനത്തിനും ഉപയോഗിച്ചതോടെയാണ് സംരക്ഷണമതിൽ നിർമിച്ചത്. മതിൽ പുനർനിർമിക്കാനുള്ള ഫണ്ട് ആര് നൽകുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പി.ടി.എ നിർമിക്കുമെന്ന് പി.ടി.എ പ്രസിഡന്റ് അവകാശപ്പെട്ടിരുന്നു. പക്ഷേ ഫണ്ട് എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിൽ ഒരു മറുപടിയും പി.ടി.എക്കില്ല. കൂടാതെ നവകേരള സദസ്സ് വേദിക്ക് പുറകിലായി താൽക്കാലികമായി നിർമിച്ച ശൗചലയം മൂടാൻ പോലും അധികൃതർ തയാറായിട്ടില്ല. മൂക്ക് പൊത്താതെ ഗ്രൗണ്ടിന് സമീപത്തുകൂടി വിദ്യാർഥികൾക്ക് നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. പ്രഭാതസവാരിക്കായി ഗ്രൗണ്ടിൽ എത്തുന്നവരും നാറ്റം സഹിക്കേണ്ട സ്ഥിതിയാണ്.
മതിൽ പൊളിച്ചത് പ്രതിഷേധാർഹം-കോൺഗ്രസ്
മാനന്തവാടി: നവകേരള സദസ്സുമായി മാനന്തവാടിയിലെത്തിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഡംബര ബസ് കയറുന്നതിന് തിടുക്കപ്പെട്ട് മാനന്തവാടി ഗവൺമെന്റ് ഹൈസ്കൂളിന്റെ ചുറ്റുമതിൽ പൊളിച്ചത് പ്രതിഷേധാർഹമാണെന്ന് നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിനോദ് തോട്ടത്തിൽ പറഞ്ഞു. രണ്ടായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന്റെ സുരക്ഷക്ക് ഭീഷണിയാവുന്ന തരത്തിൽ സാമൂഹിക വിരുദ്ധർക്കും കന്നുകാലികൾക്കും യഥേഷ്ടം കയറിയിറങ്ങാവുന്ന തരത്തിലാണ് മതിൽ പൊളിച്ചിട്ടിരിക്കുന്നത്. ഈ മതിലിന് അരികിൽ നിന്നും 50 മീറ്റർ മാറി മാത്രമാണ് സ്റ്റേജ് നിലനിന്നിരുന്നത്. സ്റ്റേജിലേക്ക് നടന്നു പോകാവുന്ന ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ഈ മതിൽ പൊളിച്ചുമാറ്റി മുഖ്യമന്ത്രിക്ക് പാതയൊരുക്കിയ സംഘാടകർ എത്രയും പെട്ടെന്ന് മതിൽ പുനർനിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് വിനോദ് തോട്ടത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.