ആംബുലൻസില്ല, കോഴിക്കോട്ടേക്ക് റഫർ ചെയ്ത ആദിവാസികൾ കാത്തിരുന്നത് ആറ് മണിക്കൂർ
text_fieldsമാനന്തവാടി: ആംബുലൻസില്ലാത്തതിനെ തുടർന്ന് കോഴിക്കോട്ടേക്ക് റഫർ ചെയ്ത ആദിവാസി വിഭാഗത്തിലെ രോഗികൾ കാത്തിരുന്നത് ആറ് മണിക്കൂർ. വയനാട് മെഡിക്കൽ കോളജിൽ സ്ത്രീരോഗ വിഭാഗത്തിൽ വെള്ളിയാഴ്ച ചികിത്സ തേടിയെത്തിയ രണ്ട് യുവതികളാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിട്ടും ആംബുലൻസില്ലാതെ മണിക്കൂറുകൾ വാഹനത്തിനായി കാത്തിരുന്നത്.
ആദിവാസി വിഭാഗത്തിലുള്ളവരെ സ്വകാര്യ ആംബുലൻസുകളിൽ കൊണ്ട് പോയതിന്റെ കുടിശ്ശികയുള്ളതിനാൽ സ്വകാര്യ ആംബുലൻസുകളിൽ കൊണ്ടു പോകാൻ തയാറാകാത്ത അവസ്ഥയിലുമാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അസീസ് വാളാടിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ആശുപത്രി സൂപ്രണ്ട്, ടി.ഡി.ഒ അടക്കമുള്ളവരുമായി നടത്തിയ ചർച്ചയെ തുടർന്ന് ആംബുലൻസ് എത്തിച്ചാണ് രോഗികളെ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.
പട്ടികജാതി വർഗ മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ മെഡിക്കൽ കോളജിലെ ശോച്യാവസ്ഥ മൂലം ആദിവാസി വിഭാഗത്തിലെ പത്തോളം രോഗികളെയാണ് ദിനംപ്രതി കോഴിക്കോട്ടേക്ക് റഫർ ചെയ്യുന്നത്. നിത്യേന രാവിലെ ആദിവാസി രോഗികളെ റഫർ ചെയ്യുന്നതിനാൽ രാത്രി 12ന് ശേഷം ആംബുലൻസ് ഇല്ലാത്ത അവസ്ഥയാണ്.
ഹോസ്പിറ്റൽ പാർക്കിങ്ങിൽ സ്വകാര്യ ആംബുലൻസുകൾ നിർത്തിയിടാൻ സൗകര്യം ഒരുക്കിക്കൊടുത്തത് ആദിവാസി രോഗികളെ കോഴിക്കോട്ടേക്ക് റഫർ ചെയ്യുമ്പോൾ കൊണ്ടുപോകാം എന്ന ഉറപ്പിന്മേലാണ്. എന്നാൽ ഇതിൽ മൂന്ന് ആംബുലൻസുകൾ മാത്രമാണ് രോഗികളെ കൊണ്ടുപോകാൻ തയാറാകുന്നതെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.