സുരക്ഷ മതിൽ ഇല്ല; അപകടം പതിവ്
text_fieldsമാനന്തവാടി: യാത്രക്കാര്‍ക്കും സമീപത്തെ വീടിനും അപകട ഭീഷണിയാകുന്ന റോഡിന് സുരക്ഷ സംവിധാനമൊരുക്കാന്‍ നടപടിയില്ല. മാനന്തവാടി -നിരവില്‍പ്പുഴ റോഡിൽ പൊതുമരാമത്ത് വകുപ്പ് പനമരം ഡിവിഷന്റെ കീഴിലുള്ള നാലാംമൈല്‍ -തരുവണ ഭാഗത്ത് ആറംമൈലിലാണ് റോഡ് അപകടാവസ്ഥയിലുള്ളത്.
2010ല്‍ നവീകരണത്തിന്റെ ഭാഗമായി വീതികൂട്ടിയപ്പോൾ റോഡിന് താഴെയുള്ള വീടിന്റെ മുറ്റത്തോട് ചേര്‍ന്നാണ് നിലവിൽ റോഡുള്ളത്. റോഡിന്റെ അതിര്‍ത്തിയില്‍ നിന്നും 50 സെന്റിമീറ്റര്‍ ദൂരം മാത്രമാണ് വീടിന്റെ മുറ്റത്തേക്കുള്ളത്. ഈ ഭാഗത്ത് അപകടം പതിവായതോടെ 2010 ല്‍ വീട്ടുടമയായ അരങ്ങാട്ടില്‍ ആസ്യ ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിക്കുകയും റോഡരിക് കരിങ്കല്ല് കെട്ടി സംരക്ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തു നിന്ന് നടപടികളുണ്ടായില്ല. മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ച് റോഡ് തകരാതിരിക്കാന്‍ വീട്ടുകാര്‍ പ്ലാസ്റ്റിക് ഷീറ്റ് മതിലില്‍ വിരിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇതേസ്ഥലത്തുണ്ടായ അപകടത്തില്‍ തലനാരിഴക്കാണ് യാത്രക്കാരും മുറ്റത്തുണ്ടായിരുന്ന വീട്ടമ്മയും രക്ഷപ്പെട്ടത്. കാര്‍ നിയന്ത്രണംവിട്ട് വീടിന്റെ മുറ്റത്തേക്ക് പതിക്കുകയായിരുന്നു. റോഡിന്റെ വീതിക്കുറവ് സംബന്ധിച്ചോ റോഡരികിലെ ഗര്‍ത്തം സംബന്ധിച്ചോ സൂചന ബോര്‍ഡ് സ്ഥാപിക്കാന്‍ പോലും പൊതുമരാമത്ത് വകുപ്പ് തയാറായിട്ടില്ല. നിരവധി തവണ സമാനരീതിയില്‍ ഇവിടെ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന സുപ്രധാന റോഡാണിത്. തിരക്കേറിയ റോഡില്‍ വന്‍ ദുരന്തമുണ്ടാവുന്നതിന് മുമ്പ് സംരക്ഷണമേര്‍പ്പെടുത്തണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.