ഇന്ന് ഉത്രാടപ്പാച്ചിൽ, പൊലിമ കുറയും
text_fieldsമാനന്തവാടി: ഇന്ന് ഉത്രാടപ്പാച്ചിൽ. തിരുവോണ ദിവസം കോടിയുടുത്ത് സദ്യവട്ടം ഒരുക്കാനായി മലയാളികൾ ഉത്രാടദിനത്തിൽ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിലാകും. എന്നാൽ, ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് പൊലിമ കുറവാണ്. ക്ലബുകളും വായനശാലകളും സ്വാശ്രയ സംഘങ്ങളും പൂക്കള മത്സരങ്ങൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ പൂർണമായി ഒഴിവാക്കിയത് പൂവിപണിയെ കാര്യമായി ബാധിച്ചു. പച്ചക്കറി വിപണിയും അത്ര സജീവമല്ലെങ്കിലും പൂരാടദിനം മുതൽ മാനന്തവാടി നഗരത്തിൽ വഴിയോര പച്ചക്കറി വിപണി സജീവമാണ്. വിലയുടെ കാര്യത്തിൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.
എന്നിട്ടും പൂവിപണി ഉണർന്നില്ല
മാനന്തവാടി: തിരുവോണത്തിന് ഒരു ദിവസം മാത്രമാണ് ബാക്കിയെങ്കിലും ജില്ലയിലെ പൂവിപണി ഉണർന്നില്ല. മുണ്ടക്കൈ ദുരന്ത പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ചുരുങ്ങിയതും കനത്ത മഴയെ തുടർന്ന് കർണാടകയിൽ നിന്നുള്ള പൂക്കളുടെ വരവ് കുറഞ്ഞതുമാണ് പൂവിപണിക്ക് തിരിച്ചടിയായത്.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ബംഗളൂരു, മൈസൂർ, ഹൊസൂർ, ഗുണ്ടൽപേട്ട, കോയമ്പത്തൂർ, മേട്ടുപാളയം എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് പൂക്കൾ എത്തുന്നത്. ഇത്തവണ പൂക്കൾക്ക് വലിയ വിലവർധന ഉണ്ടായിട്ടില്ല. ഓണപ്പൂക്കളിൽ താരമായ അരളിക്കാണ് വില കൂടുതൽ, കിലോക്ക് 600 രൂപ. തൊട്ടുപിന്നിൽ വാടാർമല്ലി, കിലോക്ക് 400 രൂപ. വെള്ള ജമന്തിക്കും ഓറഞ്ച് ജമന്തിക്കും 200 രൂപയാണ് വില. താമര ഒന്നിന് 40 രൂപയും മുല്ലക്ക് 40 മുതൽ 50 രൂപയാണ് വില. അത്തം തലേനാൾ മുതൽ സജീവമായിരുന്ന പൂവിപണിയാണ് ഇത്തവണ ഇല്ലാതായത്. മുൻവർഷങ്ങളിൽ അത്തം തുടങ്ങുന്നതിന്റെ തലേനാൾ തന്നെ ജില്ലയിലെ പ്രധാന ടൗണുകളിൽ പൂവിപണി സജീവമാകുമായിരുന്നു.
വഴിയോരങ്ങളിൽ തട്ടുകൾ ഉണ്ടാക്കി അതിൽ വിവിധ വർണങ്ങളിലുള്ള പൂക്കൾ വിൽപനക്കായി സ്ഥാനം പിടിച്ചിരുന്നു. ഇവിടം പൂക്കൾ വാങ്ങാനെത്തുന്നവരാൽ സജീവമായിരുന്നു. എന്നാൽ, ഇത്തവണ ഈ കാഴ്ചകൾ ടൗണുകളിൽ നന്നേ കുറവാണ്. ഇതിനാൽ തന്നെ പൂവിപണിയിൽ മത്സരവും കുറവാണ്.
ഇത്തവണ കച്ചവടം കുറവാണെന്നും കർണാടകയിൽ മഴ പെയ്തതിനാൽ പൂക്കളുടെ വരവ് കുറഞ്ഞതായും കച്ചവടക്കാർ പറഞ്ഞു. കോവിഡിനുശേഷം ഇത്തരമൊരു അവസ്ഥ ആദ്യമായാണ് ടൗണുകളിൽ ഉണ്ടാകുന്നത്.
ഓണച്ചന്തകളിൽ തിരക്ക്
പുൽപള്ളി: ഓണച്ചന്തകളിൽ തിരക്ക്. കുടുംബശ്രീയുടെയും കൃഷി വകുപ്പിന്റെയുമെല്ലാം നേതൃത്വത്തിലാണ് വിവിധയിടങ്ങളിൽ ഓണച്ചന്തകൾ ആരംഭിച്ചത്. ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന നാടൻ പച്ചക്കറിയിനങ്ങൾ അടക്കം ഇവിടങ്ങളിലുണ്ട്. പൊതുവിപണിയേക്കാൾ വിലക്കുറവുമുണ്ട്.
പനംപൊടി, ഈന്ത്പൊടി, ചാമ അരി, കുടംപുളി, വിവിധതരം ചമ്മന്തികൾ എന്നിവയെല്ലാം ഇവിടങ്ങളിൽ കിട്ടും. ജെ.എൽ.ജികളുടെ നേതൃത്വത്തിലാണ് പലയിടങ്ങളിലും കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഓണച്ചന്തകൾ. പച്ചക്കറിക്ക് പുറമേ തുണി ഇനങ്ങളും ചിലയിടങ്ങളിൽ വിൽപനക്കായുണ്ട്. ന്യായമായ വിലയും ഗുണനിലവാരവും ഉള്ളതിനാൽ ഈ ഉൽപന്നങ്ങൾ തേടി ധാരാളം ആളുകൾ എത്തുന്നുമുണ്ട്.
പച്ചക്കറി വിൽപനയിലും കുറവ്
പച്ചക്കറി വിപണിയും പതിവിൽനിന്ന് വ്യത്യസ്തമായി കുറഞ്ഞിട്ടുണ്ട്. പച്ചക്കറികളുടെ വില കുത്തനെ ഉയർന്നതും കച്ചവടം കുറയാൻ ഇടയാക്കിയിട്ടുണ്ട്. ചേനയടക്കമുള്ള പച്ചക്കറികളിൽ നല്ലൊരു ശതമാനത്തിന്റെയും കിലോ വില 100 കടന്ന അവസ്ഥയിലാണ്. തക്കാളി മാത്രമാണ് 30ൽ നിൽക്കുന്നത്. ബാക്കി എല്ലാ പച്ചക്കറികളുടെയും വില ഇരട്ടിയിലധികം കൂടിയത് അടുത്ത കാലത്താണ്.
ആഘോഷപ്പൊലിമ കുറച്ചതിനാൽ പൊതു സദ്യകളും ഇല്ലാതായി. ഇത് പച്ചക്കറി വ്യാപാരത്തിൽ വലിയ ഇടിവിന് കാരണമായിട്ടുണ്ട്. വീടുകളിലേക്കുള്ള പച്ചക്കറി വാങ്ങലും കുറവാണ്.
വസ്ത്ര വിപണിയും ഉണർന്നില്ല
തുണിവ്യാപാരത്തിലും വലിയ തോതിലുള്ള കുറവ് വന്നിട്ടുണ്ട്. ഓണത്തിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളായിട്ടും വലിയ ടൗണുകളിലടക്കം ജനത്തിരക്കില്ല. ഗ്രാമീണ മേഖലയിലും കടകളിൽ വലിയ തിരക്ക് ഇതുവരെ വന്നിട്ടില്ല. നിർത്താതെ പെയ്ത മഴയിൽ വിവിധ കൃഷികളിൽനിന്ന് ലഭിച്ചുകൊണ്ടിരുന്ന വിളവ് കുറഞ്ഞതും ജില്ലയിൽ പ്രതിസന്ധിക്കിടയാക്കി.
ഏത് സമയവും ലഭിച്ചിരുന്ന കരവാഴ പോലും ഒരു തോട്ടത്തിലും കാണാനില്ല. ഉള്ള നേന്ത്രവാഴക്ക് വലിയ തോതിൽ വില വർധിച്ചു. എന്നാൽ, വിളവ് കുറഞ്ഞതിനാൽ കർഷകർക്കും വ്യാപാരികൾക്കും ഗുണം ലഭിച്ചിട്ടില്ല.
എല്ലാ രംഗത്തും ഉണ്ടായ മാന്ദ്യം ജില്ലയിലെ വ്യാപാരരംഗത്തെ ആകെ തകർത്തതായി വ്യാപാരികൾ പറയുന്നു. സീസൺ കച്ചവടം കൊണ്ട് മാത്രം പിടിച്ചുനിൽക്കുന്ന ഈ മേഖല അടുത്ത കാലത്തായി വലിയ തോതിലുള്ള പ്രതിസന്ധികളിലൂടെയാണ് നീങ്ങുന്നത്.
വാടക നൽകാൻ പോലുമുള്ള വരുമാനം ലഭിക്കാത്തവരാണ് ഏറെയും. വിനോദ സഞ്ചാരികളുടെ വരവ് മുടങ്ങിയതും ദുരന്തം ഏൽപിച്ച ആഘാതത്തിൽനിന്ന് നാട് മോചിതമാവാത്തതുമാണ് വ്യാപാര മേഖല നേരിടുന്ന മറ്റൊരു പ്രശ്നം.
ഓണം തുണക്കുമോ? പ്രതീക്ഷയിൽ വയനാടൻ വിനോദസഞ്ചാരം
മാനന്തവാടി: ഉരുൾപൊട്ടലടക്കമുള്ള കാരണങ്ങളാൽ ശോഷിച്ച വയനാട്ടിലെ വിനോദസഞ്ചാര മേഖല ഓണക്കാലത്തെ പ്രതീക്ഷയോടെ നോക്കുന്നു. വയനാട്ടിലെ ഒരു പഞ്ചായത്തിലെ മൂന്നു വാർഡുകളെ മാത്രം ബാധിച്ചതാണ് ഉരുൾപൊട്ടൽ ദുരന്തം. എന്നാൽ, വയനാട് മൊത്തം അപകട മേഖലയാണെന്ന തരത്തിലുള്ള പ്രചാരണം തിരിച്ചടിയായിട്ടുണ്ട്.
മാനന്തവാടി പഴശ്ശി പാർക്ക്, പിലാക്കാവ് പഞ്ചാരക്കൊല്ലി പ്രിയദർശിനി ടീ എൻവയോൺസ്, പുൽപള്ളി മാവിലാംതോട് പഴശ്ശി സ്മാരകം, കാർലാട്, പൂക്കോട് തടാകങ്ങൾ, എടക്കൽ ഗുഹ, കുറുവ ദ്വീപ്, ചീങ്ങേരി മല, അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം, കാന്തൻപാറ വെള്ളച്ചാട്ടം, സുൽത്താൻ ബത്തേരി ടൗൺ സ്ക്വയർ എന്നിവയാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനു (ഡി.ടി.പി.സി) കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ. ഇവയിൽ ചീങ്ങേരി മലകയറ്റവും കാന്തൻപാറ വെള്ളച്ചാട്ടവും ഒഴികെ എല്ലായിടത്തും പ്രവേശനമുണ്ട്. എടക്കൽ ഗുഹയിൽ ദിവസം 1150 പേർക്കു മാത്രമാണ് പ്രവേശനം. രാവിലെ ഒമ്പതുമുതൽ ആറുവരെയാണ് ഡി.ടി.പി.സിയുടെ എല്ലാ കേന്ദ്രങ്ങളിലും പ്രവേശനം നൽകുന്നത്. എടക്കൽ ഗുഹയിൽ നിശ്ചിത ടിക്കറ്റ് നൽകിക്കഴിഞ്ഞാൽ അന്നത്തെ പ്രവേശനം നിർത്തിവെക്കും. വീരകേരളവർമ പഴശ്ശി രാജാവ് അന്ത്യവിശ്രമം കൊള്ളുന്ന മാനന്തവാടി പഴശ്ശി കുടീരത്തിലേക്ക് ദിനംപ്രതി നിരവധി പേരെത്തുന്നുണ്ട്. രാവിലെ ഒമ്പതുമണി മുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രവേശന സമയം. പുരാവസ്തു വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ തിങ്കളാഴ്ചകളിലും സർക്കാർ അവധി ദിവസങ്ങളിലും പ്രവേശനമില്ല.
ജില്ലയിലെ ഏക ഹൈഡൽ ടൂറിസം കേന്ദ്രമായ ബാണാസുര സാഗറിലേക്കും ദിനംപ്രതി ആയിരക്കണക്കിന് ആളുകളെത്തുന്നുണ്ട്. രാവിലെ ഒമ്പതുമുതൽ 5.45 വരെയാണ് പ്രവേശനം. എടക്കൽ ഗുഹയിൽനിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ കാരാപ്പുഴയിലും എത്താം
ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കണമെന്ന ആവശ്യം ശക്തമാണ്. തോൽപെട്ടി, മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെയുള്ള സഫാരിയാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രധാന ആകർഷണം. സൂചിപ്പാറ വെള്ളച്ചാട്ടം, ബാണാസുര, മീൻമുട്ടി വെള്ളച്ചാട്ടം, തലപ്പുഴ മുനീശ്വരൻകുന്ന്, ബ്രഹ്മഗിരി ട്രക്കിങ്, വെള്ളമുണ്ട ചിറപ്പുല്ല് ട്രക്കിങ്, മക്കിയാട് മീൻമുട്ടി വെള്ളച്ചാട്ടം, ചെമ്പ്ര മലകയറ്റം എന്നിവയാണ് മറ്റു പ്രധാന കേന്ദ്രങ്ങൾ. കുറുവ ദ്വീപിന്റെ ഒരു ഭാഗം (പാൽവെളിച്ചം) മറുഭാഗം (പാക്കം) വനം വകുപ്പുമാണ് പ്രവേശനം നിയന്ത്രിക്കുന്നത്.
ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കണമെന്ന് ആവശ്യം
കുറുവ ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടും ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടിട്ടും ഏഴു മാസമായി. കഴിഞ്ഞ ഫെബ്രുവരിയിൽ കർണാടക വനത്തിൽ നിന്നെത്തിയ ‘ബേലൂർ മഖ്ന’ രണ്ടുപേരെ കൊന്നതാണ് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നതിനു കാരണമായത്. ഈ ആനയെ കർണാടക വനത്തിലേക്ക് തുരത്തിയെങ്കിലും ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നിട്ടില്ല. എന്നാൽ, വയനാടുമായി അതിരിടുന്ന കർണാടകയിലെ നാഗർഹോള ടൈഗർ റിസർവിലൂടെയുള്ള സഫാരിക്കായി വയനാട്ടിലൂടെ നിരവധി പേർ കടന്നുപോകുന്നുണ്ട്.
ഓണത്തിനും ഓണാകാതെ വ്യാപാര മേഖല
വെള്ളമുണ്ട: വയനാട്ടിലെ വ്യാപാര മേഖല ഓണത്തിനും ഓണാകുന്നില്ല. കേരളം കണ്ട ഏറ്റവും വലിയ ദുരന്തശേഷമുള്ള ഓണം വ്യാപാര രംഗത്ത് കടുത്ത മാന്ദ്യമാണ് ഉണ്ടാക്കിയത്.
ആഘോഷങ്ങൾ കുറച്ചതിനാൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് പൂകൃഷി ചെയ്തവരും പൂക്കച്ചവടക്കാരുമാണ്. ദുരന്തം കാരണം സർക്കാർ ഓഫിസുകളിലെയും വിദ്യാലയങ്ങളിലെയും ഓണാഘോഷ പരിപാടികളിൽനിന്ന് പൂക്കള മത്സരം ഒഴിവാക്കിയത് പൂക്കച്ചവടത്തെ സാരമായി ബാധിച്ചു. വിദ്യാലയം ഓണാവധിക്ക് അടക്കുന്ന ദിവസമാണ് വലിയ തോതിൽ വ്യാപാരം നടന്നിരുന്നത്.
ഇത്തവണ 25 ശതമാനം പോലും പൂവിൽപന നടന്നിട്ടില്ലെന്ന് എട്ടേനാൽ ടൗണിൽ പൂക്കച്ചവടം ചെയ്യുന്ന ഷാജഹാൻ പറഞ്ഞു. പൂകൃഷി ചെയ്ത കുടുംബശ്രീ യൂനിറ്റുകൾക്കടക്കം തിരിച്ചടിയാണ് ഇത്തവണ.
ഓണക്കാലത്തും പ്രയോജനമില്ലാതെ മീനങ്ങാടിയിലെ ഗ്രാമീണ ചന്ത
സുൽത്താൻ ബത്തേരി: മീനങ്ങാടി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ 3,45,589 രൂപ ചെലവാക്കി ഒരു വികസന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഗ്രാമീണ ചന്തയെന്നാണ് പേര്. പദ്ധതി ലവലേശം പോലും ജനത്തിന് ഉപകാരപ്പെട്ടിട്ടില്ലെന്നതാണ് വാസ്തവം. ഈ ഓണക്കാലത്തും ചന്ത പ്രയോജനമില്ലാതെ കിടക്കുകയാണ്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2018-19 വർഷത്തിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്താണ് ഗ്രാമീണ ചന്തക്ക് കാശ് മുടക്കിയത്. കർഷകരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും ഉൽപന്നങ്ങൾ ചന്തയിൽ എത്തിച്ച് പൊതുജനങ്ങൾക്ക് വിൽപന നടത്തുകയായിരുന്നു ഉദ്ദേശ്യം.
തുടക്കത്തിൽ ചില കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾ ഇവിടെ എത്തിച്ചെങ്കിലും പിന്നീട് ഒന്നും പറയത്തക്ക രീതിയിൽ നടന്നില്ല. 3,70,000 രൂപയാണ് പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയത്. എന്നാൽ, അത്രയും തുക ചെലവഴിക്കാതെ വളരെ സുതാര്യമായ രീതിയിലാണ് നിർമാണം പൂർത്തിയായതെന്ന് കാണുന്നവർക്ക് തോന്നുന്ന രീതിയിൽ ബോർഡ് എഴുതി പ്രദർശിപ്പിച്ചു.
അന്ന് ചെലവാക്കിയ തുകകൊണ്ട് നല്ല മേൽക്കൂരയും നിർമിച്ചിരുന്നുവെങ്കിൽ ഇന്ന് വെയിലും മഴയുമേൽക്കാതെ യാത്രക്കാർക്ക് കയറി നിൽക്കുകയെങ്കിലും ചെയ്യാമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.