സി.പി.എം സംസ്ഥാന സമിതിയിലെത്തുന്ന ആദ്യ പട്ടികവർഗക്കാരനായി ഒ.ആർ. കേളു
text_fieldsമാനന്തവാടി: വയനാട് ജില്ലയിൽനിന്ന് സി.പി.എം സംസ്ഥാന സമിതിയിലെത്തുന്ന ആദ്യ പട്ടികവർഗ നേതാവ് എന്ന വിശേഷണം ഒ.ആർ. കേളുവിന് സ്വന്തം. പാർട്ടിയുടെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റായ ഒ.ആർ. കേളു സംവരണ മണ്ഡലമായ മാനന്തവാടിയിൽനിന്നുള്ള നിയമസഭാംഗമാണ്. ജില്ലയിലും സംസ്ഥാനത്തും പട്ടികവർഗക്കാരെ പാർട്ടിയോടടുപ്പിച്ചുനിർത്താനുള്ള ശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ 52കാരന്റെ സംസ്ഥാന സമിതി പ്രവേശനം.
ഇക്കഴിഞ്ഞ പാര്‍ട്ടി വയനാട് ജില്ല സമ്മേളനത്തില്‍ ജില്ല സെക്രട്ടേറിയറ്റ് അംഗമായി കുറിച്യ സമുദായക്കാരനായ കേളു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയര്‍മാനും കേരള വെറ്ററിനറി ആൻഡ് ആനിമല്‍ സയന്‍സ് യൂനിവേഴ്‌സിറ്റിയുടെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗവുമാണ്.
രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയിൽ കേളു സജീവ സാന്നിധ്യമാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000ല്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം.
തുടര്‍ന്ന് 2005ലും 2010ലുമായി തുടര്‍ച്ചയായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. പിന്നീട് 2015ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോല്‍പിച്ച് മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എയായി. സി.പി.എം വയനാട് ജില്ല കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു വരവേയാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഭാര്യ: ശാന്ത. മക്കള്‍: മിഥുന, ഭാവന.
സി.കെ. ശശീന്ദ്രനും പി. ഗഗാറിനും വീണ്ടും സംസ്ഥാന കമ്മിറ്റിയിൽ
കൽപറ്റ: സി.പി.എം സംസ്ഥാന കമ്മിറ്റിയിലേക്ക് മുന്‍ ജില്ല സെക്രട്ടറിയും മുന്‍ എം.എൽ.എയുമായ സി.കെ. ശശീന്ദ്രനും ജില്ല സെക്രട്ടറി പി. ഗഗാറിനും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇരുവർക്കുമൊപ്പം ആദിവാസി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റും മാനന്തവാടി എം.എൽ.എയുമായ ഒ.ആർ. കേളുവും സംസ്ഥാന കമ്മിറ്റിയിലേക്ക് വയനാട്ടില്‍ നിന്നുള്ള പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.