പട്ടയങ്ങള്‍, സ്വന്തം ഭൂമി, സ്വന്തം രേഖകള്‍: വയനാട് ജില്ലക്ക് സ്വപ്ന സാഫല്യം
text_fieldsമാനന്തവാടി: സ്വന്തം ഭൂമിയില്‍ തലചായ്ക്കാന്‍ കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായതിന്റെ സന്തോഷം. ഒണ്ടയങ്ങാടി സെന്റ് മാര്ട്ടിന് ചര്‍ച്ച് ഹാളില്‍ തിങ്ങിനിറഞ്ഞവരുടെ മുഖത്തെല്ലാം പ്രതീക്ഷകളുടെ പുതുവെളിച്ചം. ജില്ലയില്‍ നടന്ന ഏറ്റവും വലിയ പട്ടയമേളകളിലൊന്നായി ഈ ചടങ്ങും മാറുമ്പോള്‍ ദീര്‍ഘകാലമായുള്ള സ്വപ്നം കൂടിയാണ് ഇവിടെ യാഥാർഥ്യമായത്.
പലരും മക്കളും ചെറുമക്കളുമായാണ് പട്ടയം വാങ്ങാനായി ചടങ്ങിനെത്തിയത്. ഊന്നുവടിയുമായി സ്വന്തം ഭൂമിക്ക് ലഭിച്ച പട്ടയരേഖകള്‍ വാങ്ങാനെത്തിയവരുമുണ്ട്.
ആദിവാസികളും കുടിയേറ്റകര്‍ഷകരും തോട്ടം തൊഴിലാളികളുമെല്ലാമുണ്ടായിരുന്നു ഇക്കൂട്ടത്തില്‍. റവന്യൂ-ഭവന നിര്‍മാണ മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിച്ച മാനന്തവാടി ഒണ്ടയങ്ങാടി സെന്റ് മാര്ട്ടിന് ചര്‍ച്ച് ഗോള്‍ഡന്‍ ജൂബിലി ഹാളിൽ നടന്ന സംസ്ഥാനതല പട്ടയമേളയിലാണ് ജില്ലയിലുള്ളവർ പട്ടയം ഏറ്റുവാങ്ങിയത്.
സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടന്ന പട്ടയമേളയില്‍ 1203 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്തത്. 305 എല്‍.എ പട്ടയം, 508 മിച്ചഭൂമി പട്ടയം, മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള 37 കൈവശരേഖകള്‍, 353 ലാന്‍ഡ് ട്രീബ്യൂണല്‍ ക്രയ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ചടങ്ങില്‍ വിതരണം ചെയ്തത്.
ഈരംകൊല്ലി കോളനിയില്‍ നിന്നും കറുത്തയും ആമയും പട്ടയം വാങ്ങാനെത്തി. മുത്തങ്ങയുടെ പ്രതിനിധികളായി നഞ്ഞിയും കൂട്ടരുമാണ് പട്ടയം വാങ്ങാനെത്തിയത്. മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 37 പേര്‍ക്കു കൂടി ഭൂമിക്ക് കൈവശ രേഖകള്‍ സ്വന്തമായി. തലപ്പുഴ പാരിസണ്‍ എസ്റ്റേറ്റിലെ മിച്ചഭൂമിക്ക് പട്ടയം ലഭിച്ചവരും കൂട്ടത്തോടെയാണ് പട്ടയമേളയിലെത്തിയത്.
വിവിധ കാരണങ്ങളാല്‍ പട്ടയവും കൈവശ രേഖകളും ഇതുവരെ കിട്ടാന്‍ വൈകിയവര്‍ക്ക് മേളയിലൂടെ പട്ടയം ലഭിച്ചു. പട്ടയവിതരണത്തിനായി പ്രത്യേക കൗണ്ടര്‍ മേളയില്‍ സജ്ജീകരിച്ചിരുന്നു. വില്ലേജ് അടിസ്ഥാനത്തിലുള്ള പട്ടയവിതരണം കാര്യക്ഷമമാക്കാന്‍ റവന്യൂ ജീവനക്കാരെയും വിന്യസിച്ചിരുന്നു.
വെള്ളമുണ്ട സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെ ശിലാസ്ഥാപനം ചടങ്ങില്‍ മന്ത്രി കെ. രാജന് നിര്‍വഹിച്ചു. പത്മശ്രീ പുരസ്ക്കാര ജേതാവ് പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമനെ ചടങ്ങില്‍ ആദരിച്ചു. ഇ ഗവേണൺസ് രംഗത്ത് ജില്ലക്ക് മികച്ച നേട്ടം കൈവരിക്കുന്നതിനായി പ്രവര്‍ത്തിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ചടങ്ങില്‍ വിതരണം ചെയ്തു.
ഒ.ആര്. കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടി. സിദ്ദീഖ് എം.എല്‍.എ, കലക്ടര്‍ എ. ഗീത, മാനന്തവാടി നഗരസഭ ചെയര്പേഴ്സൻ സി.കെ. രത്നവല്ലി, സബ്കലക്ടര്‍ ആര്. ശ്രീലക്ഷ്മി, എ.ഡി.എം. എന്‍.ഐ. ഷാജു, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, നഗരസഭ വൈസ് ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ ജി. രാമചന്ദ്രന്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ. അജീഷ്, കെ. ദേവകി, ആര്. ഗോപിനാഥ്, വി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.