ധനസഹായം ലഭിക്കാതെ നെൽകർഷകർ
text_fieldsമാനന്തവാടി: കാലവർഷം വിട്ടൊഴിയാൻ കാലതാമസം നേരിട്ടതോടെ വെള്ളം കെട്ടിക്കിടക്കുന്ന പാടങ്ങളിൽനിന്ന് നെല്ലെങ്കിലും കരകയറ്റാൻ പാടുപെടുകയാണ് കർഷകർ. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വിശാല പാടശേഖരങ്ങളായ പാലിയാണ, കരിങ്ങാരി കക്കടവ്, കൊമ്മയാട് എന്നിവിടങ്ങളിലൊക്കെ പാടങ്ങളിൽനിന്ന് വെള്ളമൊഴിയാത്തതിനാൽ അടിഞ്ഞുപോയ നെല്ലും പുല്ലും വേർതിരിക്കാൻ കഴിയാത്ത ദുരവസ്ഥയാണുള്ളത്. കൊയ്ത്തും മെതിയും വാരലും ഒക്കലുമൊക്കെ വിട്ടൊഴിഞ്ഞ കൃഷിയിടങ്ങളിൽ തമിഴ്നാട്ടിൽനിന്നെത്തുന്ന കൊയ്ത്തുയന്ത്രങ്ങളാണ് വിളവെടുപ്പിനുള്ള ആശ്രയം.
ചളി നിറഞ്ഞ പാടങ്ങളിൽ മെതിയന്ത്രമിറക്കുന്നതോടെ യുദ്ധമുഖത്ത് ടാങ്കുകൾ ഓടുന്ന അവസ്ഥയിലാകും. ഇത്തരം പാടങ്ങളിൽ നെല്ലും പുല്ലും ഏതാണ്ട് പൂർണമായിതന്നെ നഷ്ടപ്പെടുന്നു. മണിക്കൂറിന് 2900 രൂപ കൊയ്ത്തുയന്ത്രവാടക കൂടി കൊടുക്കാൻ സാധിക്കാതെ കർഷകർ നട്ടംതിരിയുകയാണ്. വിളവിറക്കൽ കാലത്ത് കൃഷിവ്യാപനത്തിനായി ത്രിതല പഞ്ചായത്തുകളും കൃഷിവകുപ്പും വമ്പൻ സാമ്പത്തികസഹായങ്ങൾ വാഗ്ദാനം ചെയ്യുന്നുവെങ്കിലും വിളവെടുപ്പ് കാലത്തുപോലും ഇവ കർഷകരിലേക്ക് എത്തുന്നില്ല. കർഷകരിൽ മഹാഭൂരിപക്ഷവും പശുവളർത്തലിലൂടെ ജീവിതം തള്ളിനീക്കുന്നവരായതിനാൽ കാലിത്തീറ്റയായി ഉപയോഗിക്കുന്ന പുല്ലിന്റെ നഷ്ടവും കർഷകരെ തളർത്തുകയാണ്.
ഇനിയും കർഷകർ നെൽകൃഷി രംഗത്ത് പിടിച്ചുനിൽക്കണമെങ്കിൽ നെൽകർഷകർക്ക് പരമാവധി സഹായവും പ്രഖ്യാപിക്കപ്പെട്ട ധനസഹായവും എത്രയും വേഗം ലഭ്യമാക്കണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു.
കർഷകർക്ക് തുണയായി സപ്ലൈകോയുടെ നെല്ല് സംഭരണം
പുൽപള്ളി: സപ്ലൈകോയുടെ നെല്ല് സംഭരണം കർഷകർക്ക് സഹായകരമാകുന്നു. വിപണിവിലയേക്കാൾ ഉയർന്ന വിലക്കാണ് കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നത്. ഒരു ക്വിന്റലിന് 2800 രൂപ തോതിലാണ് കർഷകരിൽനിന്ന് നെല്ല് എടുക്കുന്നത്.
വിപണിയിൽ 1200 മുതൽ 1500 രൂപ വരെയാണ് നെല്ലിന്റെ വില. വിളവെടുപ്പ് സീസൺ കഴിഞ്ഞതോടെ വില കൂടിയിട്ടുമില്ല. ഈ സാഹചര്യത്തിൽ കൂടിയ വിലക്ക് സപ്ലൈകോ നെല്ല് സംഭരിക്കുന്നത് കർഷകർക്ക് ഏറെ പ്രയോജനപ്പെടുന്നുണ്ട്.
വിളവെടുത്ത നെല്ല് ഉണക്കി പെറുക്കി വൃത്തിയാക്കി ചാക്കുകളിൽ നിറച്ച് തുന്നിക്കെട്ടി വേണം എത്തിക്കാൻ. പാടശേഖരങ്ങളിൽ നിശ്ചയിക്കപ്പെട്ട സംഭരണകേന്ദ്രങ്ങളിലാണ് എത്തിക്കേണ്ടത്.
സപ്ലൈകോക്ക് നെല്ല് നൽകിയാൽ വൈകാതെ പണം ലഭിക്കുമെന്നതും കർഷകർക്ക് ഏറെ സഹായകരമാകുന്നുണ്ട്. സപ്ലൈകോയുടെ നെല്ല് സംഭരണത്തിന് മികച്ച പ്രതികരണമാണ് കർഷകരിൽനിന്ന് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.