പെയ്യുമോ! ഈ പാടങ്ങൾ പച്ചപ്പണിഞ്ഞു കാണാൻ
text_fieldsമാനന്തവാടി: മഴക്കാലത്തിന്റെ വരവറിയിച്ചെങ്കിലും വിശാലമായ പാടം പച്ചപ്പണിയാൻ ഇനിയും കാത്തിരിക്കണം. കേരള കർണാടക അതിർത്തി ഗ്രാമമായ ബാവലിയിലെ നെൽപാടങ്ങളാണ് മഴയെ കാത്ത് കഴിയുന്നത്.
പ്രദേശത്തെ ജലസേചന പദ്ധതി നോക്കുകുത്തിയായതിനാൽ മഴക്കാലത്തെ നഞ്ചകൃഷി മാത്രമാണ് ഈ വയലുകളിൽ ചെയ്തു വരുന്നത്. ഇത്തവണ നേരിയ മഴ ലഭിച്ചതോടെ കർഷകർ നിലമെല്ലാം ഒരു തവണ ഉഴുത് മറിച്ചിട്ടു കഴിഞ്ഞു. ഇനി ശക്തമായ മഴ ലഭിച്ചാലേ വിത്തു പാകി കൃഷി ചെയ്യാനാകൂ. മുപ്പതോളം ഏക്കർ വയലാണ് പ്രദേശത്തുള്ളത്.
മാൻ ,ആന പോലുള്ള വന്യമൃഗങ്ങളുടെ ശല്യം അതിജീവിച്ചാണ് ഇവിടത്തെ കർഷകർ നെൽ കൃഷി ചെയ്യുന്നത്. ഇഞ്ചി, മരച്ചീനി കൃഷികളും ഇവിടെ ചെയ്തു വരുന്നുണ്ട്. പ്രദേശത്തെ ബാവലി, ഷാണമംഗലം വയലുകളിൽ വെള്ളമെത്തിക്കാനായി വർഷങ്ങൾക്ക് മുമ്പ് തുടക്കമിട്ട ജലസേചന പദ്ധതി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും യാഥാർഥ്യമാക്കാനായിട്ടില്ല. വൈദ്യുതി എത്താത്തതായിരുന്നു മുമ്പ് പദ്ധതി യാഥാർഥ്യമാകാൻ തടസ്സമായി നിന്നതെങ്കിൽ ഇപ്പോൾ അധികൃതരുടെ അനാസ്ഥയാണ് പദ്ധതി പൂർത്തീകരിക്കാൻ തടസ്സം നിൽക്കുന്നത്.
ഗ്രാമ പഞ്ചായത്തും കൃഷി വകുപ്പും ജലസേചന സൗകര്യം ഒരുക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശത്തെ കർഷകരുടെ പ്രധാന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.