പനവല്ലിയെ വിറപ്പിച്ച കടുവയെ കാട്ടിൽ തുറന്നുവിട്ടു
text_fieldsമാനന്തവാടി: രണ്ടാഴ്ചയായി പനവല്ലി നിവാസികളെ വിറപ്പിച്ച് ഒടുവിൽ കൂട്ടിലായ കടുവയെ കാട്ടിൽ തുറന്നു വിട്ടു. വയനാട് വന്യജീവി സങ്കേതത്തിലെ ഉൾവനത്തിലാണ് ശനിയാഴ്ച രാവിലെ തുറന്ന് വിട്ടത്. വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് കടുവ കൂട്ടിലായത്. വെറ്ററിനറി സർജന്റെ പരിശോധനയിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതോടെയാണ് തുറന്നു വിടാൻ തീരുമാനിച്ചത്.ഏകദേശം പത്ത് വയസ്സുള്ള പെൺകടുവയാണ് വലയിലായത്.
കടുവയുടെ ആക്രമണമുണ്ടായ ആദണ്ടയിലാണ് 16 ന് കൂടുവെച്ചത്. കാപ്പിത്തോട്ടത്തിൽനിന്ന് അല്പം മാറി സ്ഥാപിച്ച കൂട്ടിൽ കുടുവ കുടുങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ, കൂട് സ്ഥാപിച്ച ശേഷം പ്രദേശങ്ങളിൽ ആക്രമണമുണ്ടായിരുന്നില്ല.
രണ്ടാഴ്ച മുമ്പാണ് പനവല്ലിയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പുളിയ്ക്കൽ മാത്യുവിന്റെ പശുവിനെയാണ് ആദ്യം കടുവ കൊന്നത്. പിന്നീട് വരകിൽ വിജയന്റെ പശുക്കിടാവും പുളിയ്ക്കൽ റോസയുടെ പശുവും കടുവയുടെ ആക്രണത്തിൽ ചത്തു. ആദ്യഘട്ടത്തിൽ വനപാലകർ കാമറ വെച്ചാണ് നിരീക്ഷിച്ചത്.
കൂടുവെക്കണമെന്ന പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. നോർത്ത് വയനാട് ഡി. എഫ്.ഒ മാർട്ടിൻ ലോവൽ, ബേഗൂർ റെയ്ഞ്ച് ഓഫിസർ കെ. രാകേഷ്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർമാരായ ജയേഷ് ജോസഫ്, അബ്ദുൽ ഗഫൂർ എന്നിവർ തുറന്നു വിടാൻ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.