മിന്നുമണിയെ പൗരാവലി ആദരിച്ചു
text_fieldsമാനന്തവാടി: ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരമായ ആദ്യ മലയാളി മിന്നു മണിക്ക് മാനന്തവാടിയില്‍ നഗരസഭയുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്കി. ഒ.ആര്. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി മുഖ്യപ്രഭാഷണം നടത്തി. ഒ.ആര് കേളു എം.എല്‍.എ മിന്നു മണിയെ പുരസ്കാരം നല്കി ആദരിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി മിന്നു മണിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെ ഉപഹാരം ജസ്റ്റിന് ബേബി മിന്നുമണിക്ക് നല്കി. മിന്നുമണിയുടെ മാതാപിതാക്കള്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് നാസര്‍ മച്ചാന്, കായികാധ്യാപിക എല്‍സമ്മ, മുന്‍ കോച്ച് കെ.പി ഷാനവാസ്, മഹാരാഷ്ട്ര രഞ്ജി ട്രോഫി താരം പ്രയാഗ് ഭട്ടി എന്നിവരെയും ആദരിച്ചു. നടിയും കോസ്റ്റ്യും ഡിസൈനറുമായ ശിശിര ജെസ് സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായി. ശനിയാഴ്ച ഉച്ചക്ക് 2.30 ന് മാനന്തവാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും തുറന്ന വാഹനത്തിലാണ് മിന്നു മണിയെ സമ്മേളന വേദിയിലേക്ക് ആനയിച്ചത്.
കളരിപ്പയറ്റ് സംഘത്തിന്റെയും അനുഷ്ഠാന കലകളുടെയും വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നടത്തിയ ഘോഷയാത്ര മാനന്തവാടിക്ക് വേറിട്ട അനുഭവം സമ്മാനിച്ചു.
നഗരസഭ വൈസ് ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ഭാരവാഹികളായ പി.വി.എസ്. മൂസ, ലേഖ രാജീവന്, അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, പാത്തുമ്മ, വിപിന്‍ വേണുഗോപാല്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി.വി. ജോര്‍ജ്, കെ.എം. അബ്ദുൽ ആസിഫ്, സ്വാഗതസംഘം കണ്‍വീനര്‍ എം.കെ. അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.