ചപ്പാരത്തെ വലയിലാക്കി പൊലീസ്
text_fieldsമാനന്തവാടി: മാവോവാദികളുമായി ഏറ്റുമുട്ടൽ നടന്ന പേര്യ ചപ്പാരം പ്രദേശത്തെ വലയിലാക്കി പൊലീസ്. ഏറ്റുമുട്ടൽ ഉണ്ടായ സമയം മുതൽ ചപ്പാരത്തേക്കുള്ള എല്ലാ വഴികളുടെയും നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. കൂടാതെ വീട് റിബൺ കെട്ടി തിരിച്ചു. പ്രദേശവാസികളെന്ന് ഉറപ്പുവരുത്തിയവരുടെ വാഹനങ്ങൾ മാത്രമാണ് കടത്തിവിട്ടത്. അതും അനീഷിന്റെ വീടിന്റെ മുന്നൂറ് മീറ്റർ ദൂരം വരെ മാത്രമേ പോകാനുള്ള അനുവാദം നൽകിയുള്ളൂ. ജനപ്രതിനിധികളെ പോലും വീട്ടിലേക്ക് കടത്തിവിട്ടില്ല.
മാനന്തവാടി ഡി.വൈ.എസ്.പി പി.എൽ. ഷൈജു, ബത്തേരി ഡി.വൈ.എസ്.പി അബ്ദുൽ ഷെരീഫ്, രഹസ്യാന്വേഷണ വിഭാഗം ഡി.വൈ.എസ്.പി എൻ.ഒ. സിബി എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാർ, എസ്.ഐ.മാർ, എന്നിവർ വീടിന്റെ നിയന്ത്രണം പൂർണമായും ഏറ്റെടുത്തു.
തണ്ടർബോൾട്ടിന് പുറമെ എ.ആർ ക്യാമ്പിലെ സായുധ പൊലീസും രണ്ടര കി.മീ. ദൂരത്തിൽ വിവിധ ഇടങ്ങളിലായി നിലയുറപ്പിച്ചിരുന്നു. ഫോറിൻസിക് പരിശോധനകൾക്ക് ശേഷം ബുധനാഴ്ച രാത്രിയോടെയാണ് നിയന്ത്രണം ഭാഗികമായി പിൻവലിച്ചത്.
ഞെട്ടിവിറച്ച് അനീഷും കുടുംബവും
മാനന്തവാടി: വീട്ടിനുള്ളിലെ വെടിവെപ്പും പൊലീസുമായുള്ള ഏറ്റുമുട്ടലുമൊക്കെ നേരിൽ കണ്ട് ഭയന്ന് വിറച്ചിരിക്കുകയാണ് പേര്യ ചപ്പാരം കോളനിയിലെ അനീഷും കുടുംബവും. തിങ്കളാഴ്ച അനീഷിന്റെ വീട്ടിലെത്തിയ മാവോവാദികൾ പലചരക്ക് സാധനങ്ങളുടെ ലിസ്റ്റും മൂവായിരം രൂപയും നൽകി മടങ്ങി. ചൊവ്വാഴ്ച പല ചരക്ക് സാധനങ്ങൾ എടുക്കാനാണ് അനീഷിന്റെ വീട്ടിൽ എത്തിയത്.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തണ്ടർബോൾട്ട് സംഘം വീട് വളഞ്ഞത്. ഇതിനിടയിൽ പുറത്തേക്കിറങ്ങിയ അനീഷിന്റെ സഹോദരൻ അജേഷനെയാണ് മാവോവാദിയെന്ന് കരുതി കീഴ്പ്പെടുത്തിയത്.
പിന്നാലെയാണ് വീട്ടിനുള്ളിൽ നിന്ന് വെടിവെപ്പ് ഉണ്ടായത്. ഇതോടെ താനും രണ്ടര വയസ്സുകാരനായ മകൻ അർമ്മിക്കുമായി ബാത്ത് റൂമിൽ ഒളിക്കുകയായിരുന്നെന്ന് അനീഷ് പറഞ്ഞു. വെടിവെപ്പ് സമയം ഭാര്യ വിനീത, മാതാവ് അമ്മു, സഹോദര ഭാര്യ ബിന്യ, മകൾ അഹനീയ, അമ്മാവൻ കുഞ്ഞിരാമൻ എന്നിവരും വീട്ടിലുണ്ടായിരുന്നതായി അനീഷ് പറഞ്ഞു.
വനമേഖലയോട് ചേർന്ന് വീടായതു കൊണ്ടാകാം അനീഷിന്റെ വീട് മാവോവാദികൾ തിരഞ്ഞെടുത്തതെന്നാണ് പൊലീസ് കരുതുന്നത്. കൂടാതെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ആറളം, കണ്ണവം വനമേഖലകളിലേക്ക് എളുപ്പത്തിൽ രക്ഷപ്പെടാനാകുമെന്നതും ഈ സ്ഥലം തിരഞ്ഞെടുക്കാൻ കാരണമെന്ന വിലയിരുത്തലുമുണ്ട്.
അതേസമയം മാവോവാദികളെ തണ്ടര്ബോള്ട്ട് പൊലീസ് വാഹനത്തില് കയറ്റുന്നതിനിടെ അനീഷിന്റെ അമ്മാവനെതിരെ ഭീഷണി മുഴക്കിയതായി പറയുന്നു. ഇയാളാണ് പൊലീസിന് വിവരം നല്കിയതെന്ന ധാരണയിലാണ് തണ്ടര്ബോള്ട്ടിന്റെ പിടിയിലായ മാവോവാദികൾ കുഞ്ഞിരാമനെതിരെ മുദ്രാവാക്യം മുഴക്കിയതെന്നാണ് പറയപ്പെടുന്നത്.
തുണയായത് കൊറിയർ തമ്പി
മാനന്തവാടി: രക്തച്ചൊരിച്ചിൽ ഒഴിവാക്കി രണ്ട് മാവോവാദികളെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് കൊറിയർ തമ്പി. പശ്ചിമഘട്ട മലനിരകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തമിഴ്നാട് ഈ റോഡ് സ്വദേശി തമ്പി എന്ന അനീഷ് ബാബുവിനെ കോഴിക്കോട് റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം കൊയിലാണ്ടിക്കടുത്ത് വെച്ച് ചൊവ്വാഴ്ച പിടികൂടിയിരുന്നു.
മാവോവാദികൾക്ക് പുറത്തുനിന്നുള്ള സാധനങ്ങൾ എത്തിക്കുന്ന തമ്പി കൊറിയർ എന്നാണ് അറിയപ്പെടുന്നത്. നേരത്തേ വയനാട് പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങളാണ് മാവോയിസ്റ്റ് പ്രവർത്തകരായ ഉണ്ണിമായ, ചന്ദ്രു എന്നിവരെ പിടികൂടാൻ പൊലീസിന് സഹായകമായതെന്നാണ് പറയപ്പെടുന്നത്.
മാവോവാദി നേതാവ് രൂപേഷിനെ 2012ൽ കോയമ്പത്തൂരിൽ വെച്ച് തമിഴ്നാട് ക്യു ബ്രാഞ്ച് പിടികൂടിയതിന് ശേഷം ആരെയും ജീവനോടെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
പിന്നീട് പിടികൂടുന്നവരെല്ലാം കൊല്ലപ്പെടുകയാണ് ഉണ്ടായത്. ഇതെല്ലാം വ്യാജ ഏറ്റുമുട്ടലുകളാണെന്ന ആരോപണം ശക്തമായിരുന്നു. 2019 മാർച്ച് ആറിനാണ് ലക്കിടി ഉപവൻ റിസോർട്ടിലുണ്ടായിരുന്ന വെടിവെപ്പിൽ ഇപ്പോൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുവെന്ന് കരുതുന്ന സി.പി. മൊയ്തീന്റെ സഹോദരൻ സി.പി. ജലീൽ കൊല്ലപ്പെട്ടത്.
2020 നവംബർ രണ്ടിനാണ് പടിഞ്ഞാറത്തറ ബപ്പനം വനമേഖലയിൽ തമിഴ്നാട്, പുതുക്കോട്ട, പെരിയകുളം, വേൽമുരുകൻ കൊല്ലപ്പെടുന്നത്.
2016ന് ശേഷം സംസ്ഥാനത്ത് പൊലീസിന്റെ വെടിയേറ്റ് മരിക്കുന്ന എട്ടാമത്തെയും വയനാട്ടിൽ രണ്ടാമത്തെയും മാവോവാദിയായിരുന്നു വേൽമുരുകൻ. മാവോവാദി സാന്നിധ്യം തുടർക്കഥയായപ്പോൾ ജില്ലയിൽ ഇനിയും മാവോയിസ്റ്റുകൾ കൊല്ലപ്പെടുന്നത് ആവർത്തിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു.
വെടിയൊച്ച കേട്ടിരുന്നു, കാര്യമാക്കിയില്ല -ലില്ലി
മാനന്തവാടി: രാത്രി പത്തരയോടെ പഠിക്കുന്ന മകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ വെടിയൊച്ച കേട്ടതായും അത് കാര്യമാക്കിയില്ലെന്നും അനീഷിന്റെ അയൽവാസി ലില്ലി പറഞ്ഞു. വന്യമൃഗങ്ങളെ ഓടിക്കാൻ പടക്കം പൊട്ടിച്ചതെന്നാണ് കരുതിയത്.
തൊട്ടുപിന്നാലെ കരച്ചിൽ കേട്ടെങ്കിലും മദ്യപിച്ച് പ്രദേശത്ത് സ്ഥിരമായി ബഹളമുണ്ടാക്കുന്നയാളാണെന്ന് കരുതി. അര മണിക്കൂർ കഴിഞ്ഞപ്പോൾ ആങ്ങള വിളിച്ച് വെടിവെപ്പ് നടന്നതായി ടി.വിയിൽ കണ്ട കാര്യം പറഞ്ഞതോടെ ഭയമായി. പുറത്തിറങ്ങാതെ വാതിലടച്ച് രാത്രി മുഴുവൻ കഴിഞ്ഞു. രാവിലെയാണ് ഏറ്റുമുട്ടൽ കഥ അറിഞ്ഞതെന്നും ലില്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.