റോഡ് ചളിക്കുളം; പെരുവഴിയിലായി യാത്രക്കാർ
text_fieldsമാനന്തവാടി: ന്യൂനമർദ്ദത്തെ തുടർന്ന് പെട്ടെന്നുണ്ടായ മഴയിൽ റോഡ് ചളിക്കുളമായതോടെ വാഹനയാത്രക്കാരും കാൽനടക്കാരും ഒരുപോലേ പെരുവഴിയിലായി. മാനന്തവാടി-തവിഞ്ഞാൽ-പേര്യ റോഡിൽ പ്രവൃത്തി നടക്കുന്ന ചെറുപ്പുഴ ഒഴക്കോടി ഭാഗമാണ് ചെളിക്കുളമായത്. ചെറുപുഴ ഒഴക്കോടി കയറ്റത്തിൽ റോഡിൽ നിലവിലുള്ള ടാറിങ് പൊളിച്ച് റോഡ് ഉയർത്തുന്ന പ്രവർത്തിയാണ് നടക്കുന്നത്.
നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ ജീവനക്കാർ വെള്ളിയാഴ്‌ച ഈ റോഡിന്‍റെ ഇരുവശവും ഒരുപോലേ കുഴിച്ചിരുന്നു. മഴ പെയ്തതോടെ മണ്ണ് ഒലിച്ചിറങ്ങി ചളിക്കുളമായി. ഇതുവഴി വന്ന നിരവധി ബൈക്ക് യാത്രക്കാരാണ് വെള്ളിയാഴ്ച രാത്രി തെന്നി വീണത്. ശനിയാഴ്ച രാവിലെ വലിയ വാഹനങ്ങൾ കുടുങ്ങിയതോടെ ഗതാഗതം പൂർണമായും നിലച്ചു. വാഹനങ്ങൾ പത്ത് കി.മീ. ചുറ്റിയാണ് മാനന്തവാടിയിൽ എത്തുന്നത്.
ഒഴക്കോടി, മക്കിക്കൊല്ലി പ്രദേശത്തുകാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ക്വാറി അവശിഷ്ടങ്ങൾ നിരത്തി ശനിയാഴ്ച ഉച്ചയോടെയാണ് ഗതാഗതം ഭാഗികമായി പുനരാരംഭിച്ചത്. മഴ തുടർന്നാൽ യാത്ര ദുരിതവും ഏറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.