ഇടനിലക്കാരുടെ ചൂഷണം; കോഴികർഷകർ പ്രതിസന്ധിയിൽ
text_fieldsമാനന്തവാടി: വിപണിയിൽ കോഴിക്ക് വില ഉയർന്നിട്ടും കർഷകന് നഷ്ടം മാത്രം. ജില്ലയിൽ ആയിരത്തോളം വരുന്ന കോഴികർഷകരാണ് ഇടനിലക്കാരുടെ ചൂഷണത്തിന് ഇരകളാകുന്നത്. കർഷകന് ഒരു കിലോ കോഴിക്ക് 80 രൂപ തോതിലാണ് ലഭിക്കുന്നത്. കടകളിൽ കിലോ 180 രൂപക്കാണ് വിൽക്കുന്നത്. 45 ദിവസം കോഴികളെ വളർത്തി വലുതാക്കുന്ന കർഷകൻ 20 രൂപ നഷ്ടത്തിലാണ് കോഴികളെ വിൽക്കുന്നത്. ഒരു കിലോ കോഴി ഉൽപാദിപ്പിക്കാൻ വരുന്ന ചെലവ് 100 രൂപക്ക് മുകളിൽ വരുമ്പോൾ 1000 കോഴി ഉൽപാദിപ്പിക്കുന്ന കർഷകന് 40 ദിവസം കൊണ്ട് നഷ്ടമാകുന്നത് 60,000 രൂപ.
തീറ്റയുടെ വിലവർധനവും മഴക്കാല രോഗങ്ങളും ഇറച്ചിക്കോഴി ഉൽപാദനത്തെ ബാധിക്കുമ്പോൾ ദിനംപ്രതി ആയിരക്കണക്കിന് രൂപയാണ് കർഷക നഷ്ടം. ഇതിനുപുറമെ ഓണക്കാലം ആയതോടുകൂടി, കർഷകർ ഉൽപാദിപ്പിച്ച കോഴികൾ കടകളിലെത്തിച്ച് വിതരണം ചെയ്യുന്ന ഇടനിലക്കാരുടെ ചൂഷണവും. ഫാമുകളിൽനിന്നും കിലോക്ക് 80 രൂപയിൽ താഴെ പിടിക്കുന്ന കോഴികൾ ജില്ലയുടെ പല ഭാഗങ്ങളിലായി 180-200 രൂപ വിലക്കാണ് വിൽക്കുന്നത്.
ഓണക്കാലമായതോടെ ഉൽപാദനം കൂടിയത് കണക്കിലെടുത്ത് തീറ്റക്കമ്പനികൾ ദിനംപ്രതി 100 രൂപ തോതിലാണ് കോഴിത്തീറ്റ വില വർധിപ്പിക്കുന്നത്. ജില്ലയിൽ ആവശ്യത്തിലേറെ ഇറച്ചിക്കോഴി ഉൽപാദനം ഉണ്ടായിട്ടും അന്യസംസ്ഥാനങ്ങളിൽ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത കോഴികളെ ചുരുങ്ങിയ വിലക്ക് കൊണ്ടുവന്നു വൻതോതിൽ വിപണനം നടത്തുകയാണ്.
ജില്ലയിൽ ഉൽപാദിപ്പിക്കുന്ന കോഴി കർഷകർക്ക് ഫാമുകളിൽ ന്യായവില ഉറപ്പാക്കണമെന്നും ദിനംപ്രതി വർധിച്ചുവരുന്ന തീറ്റയുടെ വില നിയന്ത്രിക്കണമെന്നും ചെറുകിട കർഷകരെ സഹായിക്കാൻ അധികാരികളുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്നും അന്യസംസ്ഥാനത്തുനിന്നും ഭക്ഷ്യയോഗ്യമല്ലാത്ത കോഴി ഓവർലോഡുമായി വരുന്ന വാഹനങ്ങൾ നിയന്ത്രിക്കണമെന്നും വയനാട് ജില്ല ചെറുകിട കോഴി കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു. പ്രസിഡൻറ് സിബി കുന്നുംപുറത്ത്, സെക്രട്ടറി ബിനു പുളിമാക്കൽ, ബിജു പുൽപള്ളി, റെജി വാകേരി, അബ്ദുൽ നിഷാദ്, ജോയ്സ് തൃശ്ശിലേരി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.