ഗർഭിണിയായ യുവതിക്ക് മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതായി പരാതി
text_fieldsമാനന്തവാടി: ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് അധികൃതർക്ക് നിവേദനം നൽകിയതായി ബന്ധുക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൈതക്കൽ സ്വദേശി സാലിമക്കാണ് മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജിലെ ഗൈനകോളജി വിഭാഗത്തിലെ ഡോക്ടർമാർ ചികിത്സ നിഷേധിച്ചതായി പറയുന്നത്.
അഞ്ച് മാസം ഗർഭിണിയായ യുവതിയുടെ മൂന്നാമത്തെ പ്രസവം ആയതിനാൽ മെഡിക്കൽ കോളജിലെ ഡോക്ടർ സ്വകാര്യ പരിശീലനം നടത്തുന്ന വീട്ടിലെത്തിയാണ് ചികിത്സ തേടിയത്. എന്നാൽ, അവിടെ നിന്നും സാലിമയെ മടക്കി അയച്ചു. തുടർന്ന് മെഡിക്കൽ കോളജിൽ എത്തി ഔട്ട് പേഷ്യന്റ് ചീട്ട് എടുത്ത് നിലവിൽ മെഡിക്കൽ കോളജിൽ ചികിത്സിക്കുന്ന ഗൈനോക്കോളജി ഡോക്ടർമാരെ കാണിക്കുകയായിരുന്നു.
പ്രസവ കേസ് കുഴപ്പിക്കുന്നതാണെന്നും തങ്ങൾക്ക് ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണ് എന്നുമായിരുന്നു മറുപടി. ഇതോടെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സ തേടി. നിരവധിപേർ ഇത്തരത്തിൽ പരാതികൾ നൽകിയിട്ടും നടപടിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
സാലിമക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും, മെഡിക്കൽ കോളജ് സൂപ്രണ്ടിനും, ഡി.എം.ഒക്കും, മനുഷ്യാവകാശ കമീഷനും കുടുംബാംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ സാലിമയുടെ ഭർത്താവ് ഷാനവാസ്, സാമൂഹ്യ പ്രവർത്തകരായ കബീർ മാനന്തവാടി, യു. ഇസ്ഹാഖ്, മുസ്തഫ പാണ്ടിക്കടവ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.