വന്യമൃഗശല്യത്തിന് പ്രതിരോധം; ക്രാഷ് ഗാർഡ് ഫെൻസിങ് പ്രവൃത്തികൾ ആരംഭിച്ചു
text_fieldsമാനന്തവാടി: വന്യമൃഗശല്യ പ്രതിരോധത്തിന് പ്രതീക്ഷയേകി ക്രാഷ് ഗാർഡ് ഫെൻസിങ് പ്രവൃത്തികൾ ആരംഭിച്ചു. നഗരസഭ പരിധിയിലെ കൂടൽക്കടവ് മുതൽ പുഴയരികിലൂടെ തിരുനെല്ലി പഞ്ചായത്ത് അതിർത്തിയായ പാൽ വെളിച്ചം വരെയാണ് ഫെൻസിങ് സ്ഥാപിക്കുന്നത്.
കാർഷിക ഭൂരിപക്ഷ മേഖലകളായ കൂടൽക്കടവ് ചാലിഗദ്ധ, കുറുവ ദ്വീപ്, പാൽവെളിച്ചം എന്നിവിടങ്ങളിൽ വന്യമൃഗശല്യം ഏറെ രൂക്ഷമാണ്. വർഷങ്ങൾക്ക് മുമ്പ് പ്രദേശങ്ങളിൽ വൈദ്യുതി ഫെൻസിങ് സ്ഥാപിച്ചിരുന്നുവെങ്കിലും കാട്ടാനകൾ നശിപ്പിച്ചു. പിന്നീടിങ്ങോട്ടുള്ള വർഷങ്ങളിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യത്തിലായിരുന്നു ഒരു ജനത ഒന്നടങ്കം.
2018 ൽ ക്രാഷ് ഗാർഡ് ഫെൻസിങ് സ്ഥാപിക്കാൻ തീരുമാനിച്ചുവെങ്കിലും സാങ്കേതികത്വങ്ങളിൽ കുരുങ്ങി പദ്ധതി നിലക്കുകയായിരുന്നു. കുറുവ ദ്വീപ് വഴി കബനി പുഴ കടന്നെത്തുന്ന കാട്ടാനകളാണ് ഇവിടങ്ങളിൽ വ്യാപക കൃഷിനാശം വരുത്തുന്നത്. വന്യമൃഗശല്യത്തെ തുടർന്ന് ഏക്കർകണക്കിന് നെൽവയലുകളാണ് തരിശായിട്ടിരിക്കുന്നത്. കൂടാതെ വാഹനങ്ങൾ, വീടുകൾ എന്നിവക്ക് നേരെയും ആക്രമണങ്ങളുണ്ടാറുകുണ്ട്.
അഞ്ച് വർഷം മുമ്പ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. നോർത്ത് വയനാട് വനം ഡിവിഷന് കീഴിലെ നഗരസഭ പരിധിയിലെ കൂടൽക്കടവ് മുതൽ പുഴയരികിലൂടെ തിരുനെല്ലി പഞ്ചായത്ത് അതിർത്തിയായ പാൽവെളിച്ചം വരെ 4 .680 കീ മീ ദൂരമാണ് ക്രാഷ് ഗാർഡ് ഫെൻസിങ് നടത്തുക.
ഇതിനായി മൂന്നു കോടി 60 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. 108 കിലോ ഭാരമുള്ള 250 ഇരുമ്പ് തൂണുകളിലായാണ് ഫെൻസിങ് സ്ഥാപിക്കുക, പദ്ധതി കാർഷിക മേഖലക്ക് ഏറെ ഗുണകരമായി മാറുമെന്ന് പ്രദേശവാസികൾ പറഞ്ഞു. പദ്ധതി പ്രാവർത്തികമാകുന്നതോടെ വർഷങ്ങളായുള്ള വന്യമൃഗശല്യത്തിന് പരിധി വരെ പരിഹാരം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ് അധികൃതരും. രണ്ട് മാസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.