പൊതു ഓടയിലേക്ക് സെപ്റ്റിക് മാലിന്യം ഒഴുക്കിയ സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsമാനന്തവാടി: നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ സെപ്റ്റിക് മാലിന്യം ജനവാസകേന്ദ്രങ്ങളിലേക്കുള്ള പൊതു ഓടയിലേക്ക് ഒഴുക്കിവിട്ടതായ പരാതിയെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. വള്ളിയൂർക്കാവ് റോഡിലെ കല്ലാട്ട് മാളിൽനിന്നുള്ള മാലിന്യം ഡയാന ക്ലബ് റോഡിലൂടെ ഒഴുകി തോട്ടിലേക്ക് എത്തുകയാണ് ചെയ്യുന്നത്.
ദുർഗന്ധം സഹിക്കാതായതോടെ നാട്ടുകാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിലുള്ള സെപ്റ്റിക് ടാങ്ക് നിറഞ്ഞുനിൽക്കുന്നതായും ഇതിൽനിന്നുള്ള പൈപ്പ് പൊതു ഓടയിലേക്ക് കണക്ട് ചെയ്തതായും കണ്ടെത്തി.
ഇതേ തുടർന്ന് നഗരസഭ കെട്ടിട ഉടമക്ക് നോട്ടീസ് നൽകി. കൂടാതെ മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്നും കെട്ടിടത്തിൽ കോഫി ഷോപ്പുകൾ അടച്ചുപൂട്ടാനും നിർദേശം നൽകി. മറ്റു സ്ഥാപനങ്ങൾ ജലം ഉപയോഗിക്കുന്നതിൽ നിയന്ത്രണം പാലിക്കണമെന്നും നിർദേശം നൽകി.
നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, ഹെൽത്ത് സൂപ്പർവൈസർ പി.എസ്. സന്തോഷ് കുമാർ, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ എസ്. ഷൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതേസമയം, തങ്ങളുടെ സ്ഥാപനത്തിൽ കൃത്യമായ സംസ്കരണ പ്ലാന്റുണ്ടെന്നും ഓവുചാലിലേക്കുള്ള തങ്ങളുടെ സ്ഥാപനത്തിലെ പൈപ്പ് തുറന്നുകാണിക്കാൻ തയാറാണെന്നും കെട്ടിട ഉടമകളിലൊരാൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.