റേഷനരി പിടികൂടിയ സംഭവം: അന്വേഷണം വിപുലീകരിച്ചു
text_fieldsമാനന്തവാടി: കെല്ലൂരിലെ സിവിൽ സപ്ലൈസ് ഗോഡൗണിലെ അരി സ്വകാര്യ കെട്ടിടത്തിൽനിന്ന് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. സിവില്‍ സപ്ലൈസ്, പൊലീസ് വിജിലന്‍സ് എന്നിവാണ് അന്വേഷണം നടത്തുന്നത്.
കെല്ലൂര്‍ മൊക്കത്തുള്ള സപ്ലൈകോ ഗോഡൗണില്‍ സ്റ്റോക്ക് പരിശോധന തുടങ്ങി. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പരിശോധന നാട്ടുകാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് മാനന്തവാടി തഹസില്‍ദാരുടെ നേതൃത്വത്തിലാണ് സ്റ്റോക്ക് പരിശോധിക്കുന്നത്. റേഷന്‍കടയുടമയുടെ വീട്ടില്‍നിന്ന് കഴിഞ്ഞ ദിവസമാണ് എട്ടു ടണ്‍ റേഷനരി പിടികൂടിയത്.
മാനന്തവാടി താലൂക്കിലെ 35, 40 നമ്പര്‍ റേഷന്‍കടകളില്‍ പരിശോധന നടത്തി. ബുധനാഴ്ച രാവിലെ ഗോഡൗണില്‍ പരിശോധനക്കെത്തിയ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ നാട്ടുകാരും യുവജന സംഘടനകളും ചേര്‍ന്ന് തടഞ്ഞു. റേഷന്‍ കരിഞ്ചന്തയില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ കണക്കെടുപ്പ് അനുവദിക്കുകയുള്ളൂവെന്നും വ്യക്തമാക്കിയായിരുന്നു പ്രതിഷേധം.
ഇതോടെ മാനന്തവാടി തഹസില്‍ദാര്‍ സ്ഥലത്തെത്തിയശേഷമാണ് പരിശോധന ആരംഭിച്ചത്. വ്യാഴാഴ്ചയേ പൂര്‍ത്തിയാവൂ. നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്ന്, പൊലീസ് വിജിലന്‍സ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. വിജിലന്‍സ് സി.ഐ ശശിധരന് പരാതിക്കാരില്‍ നിന്നും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ തടഞ്ഞത്.
ലൈസന്‍സ് റദ്ദാക്കി
മാനന്തവാടി: ദ്വാരകയിലെ റേഷന്‍ കടയുടമയുടെ കെല്ലൂരില്‍ നിര്‍മാണത്തിലുള്ള വീട്ടില്‍ റേഷനരി കണ്ടെത്തിയ സംഭവത്തില്‍ റേഷന്‍ കടകളുടെ ലൈസന്‍സ് അന്വേഷണ വിധേയമായി റദ്ദാക്കിയതായി താലൂക്ക് സപ്ലൈ ഓഫിസര്‍ പി. ഉസ്മാന് അറിയിച്ചു. ദ്വാരകയിലും കെല്ലൂരിലും എ.ആര്.ഡി. 35, 40 റേഷന്‍ കടകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. ഗുണഭോക്താക്കള്‍ക്ക് റേഷന്‍ മുടങ്ങാതിരിക്കാൻ സൗകര്യം ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.