അഞ്ച് വർഷം കഴിഞ്ഞിട്ടും റോഡ് നിർമാണം പൂർത്തിയാക്കിയില്ല
text_fieldsമാനന്തവാടി: കേവലം പത്തര കി.മീറ്റർ ദൂരമുള്ള റോഡ് നിർമാണം അഞ്ച് വർഷമായിട്ടും പൂർത്തിയാക്കാനായില്ല. മാനന്തവാടി -കൊയിലേരി- കൈതക്കൽ റോഡിനാണ് ഈ ഗതി. 2016-17ൽ കിഫ്ബിയിൽ ഉൾപ്പെടുത്തി 46 കോടി രൂപ അനുവദിച്ചു. 2018 നവംബർ 23നാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പ്രവൃത്തി ഉദ്ഘാടനം നടത്തിയത്.
രണ്ട് വർഷം കൊണ്ട് നിർമാണം പൂർത്തീകരിക്കണമെന്നാണ് നിർമാണ കമ്പനിയായ ഏറനാടുമായുള്ള വ്യവസ്ഥ. വീതി കൂട്ടി വെള്ളം കയറുന്ന ഭാഗങ്ങൾ ഉയർത്തിയുള്ള നിർമാണമാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഓവുചാൽ, കൽവർട്ടുകൾ എന്നിവയുടെ നിർമാണം പൂർണമായും പൂർത്തിയായി. ഒരു വർഷം മുമ്പാണ് ബി ആൻഡ് എം ടാറിങ് പൂർത്തിയാക്കിയത്. 12 ബസ് ബേകൾ, നവീന മാതൃകയിലുള്ള ഷെൽട്ടറുകൾ എന്നിവയുടെ പണി ഇനിയും ആരംഭിച്ചിട്ടില്ല. ക്രഷ് ബാരിക്കേഡുകളുടെയും തിരക്കുള്ള സ്ഥലങ്ങളിൽ പ്രൊട്ടക്ഷൻ റീലുകൾ സ്ഥാപിക്കാനുള്ള നടപടിയും തുടങ്ങിയിട്ടില്ല.
ക്രഷ് ബാരിക്കേഡുകൾക്ക് വെള്ള, കറുപ്പ് ചായം പൂശൽ, ദിശ സൂചക ബോർഡുകൾ, ഗതാഗത നിയന്ത്രണ ബോർഡുകൾ എന്നിവയൊന്നും സ്ഥാപിക്കപ്പെട്ടിട്ടില്ല. ഈ നില തുടർന്നാൽ ഒരു വർഷം കൂടി പിന്നിടേണ്ടി വരും റോഡ് നിർമാണം പൂർത്തിയാകാൻ.
നടപ്പാതകൾക്ക് കൈവരികൾ സ്ഥാപിക്കാനുള്ള പ്രവൃത്തികളും നടക്കേണ്ടതുണ്ട്. മാനന്തവാടിയുടെ വിനോദസഞ്ചാര മേഖലക്ക് കുതിപ്പേകുന്ന റോഡാണ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അനാസ്ഥലമൂലം ഇഴയുന്നത്. ഒരിടത്ത് സ്ഥലമെടുപ്പ് നടപടി ഇനിയും പൂർത്തിയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.